Wednesday, October 21, 2026

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിയുന്നതെല്ലാം ചെയ്യും ! ഹൃദയം വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്ന് ആനന്ദ് മഹീന്ദ്ര

വയനാട് : ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകളുമായി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഞങ്ങളുടെ ഹൃദയം വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു. വയനാട്ടിലെ ദുരന്തത്തിന് മുൻപുള്ള ദൃശ്യങ്ങൾ പങ്ക് വച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

“വയനാട് ഭൂമിയിലെ ഒരു പറുദീസയാണ്. മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞുകിടക്കുന്നത് കാണുന്നത് ഹൃദയം തകർക്കുന്ന കാഴ്ചയാണ്. ഞങ്ങളുടെ ഹൃദയം വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും”. – എന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചിരിക്കുന്നത്.

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ പുലർച്ചയുണ്ടായ ഉരുൾപ്പൊട്ടലിൽ 67 പേരാണ് മരണപ്പെട്ടത്. 24 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ, നിരവധി പേരെ കാണാതായിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളിൽ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്.

Related Articles

Latest Articles