Friday, May 3, 2024
spot_img

പ്രതിമ ത്രിപുരയിൽ മുഖ്യമന്ത്രിയാകുമോ ?
മാണിക് സാഹയ്ക്ക് കേന്ദ്രമന്ത്രിസഭയിലേക്ക് ടിക്കറ്റ് കിട്ടിയേക്കും

അഗർത്തല : ഭരണവിരുദ്ധ വികാരങ്ങളേയും കോൺഗ്രസ് -സിപിഎം സഖ്യത്തയും തകർത്തെറിഞ്ഞ് ത്രിപുരയിൽ 32 സീറ്റുകൾ നേടി മിന്നുന്ന വിജയത്തോടെ അധികാരത്തിലേറിയ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ കൊണ്ടുവന്നേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മുഖ്യമന്ത്രിയായിരുന്ന മാണിക് സാഹയെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കും എന്ന രീതിയിൽ പ്രചാരണ പരിപാടികൾ നടത്തിയെങ്കിലും തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം തീരുമാനം പുനഃപരിശോധിച്ചേക്കും .കേന്ദ്ര സാമൂഹികനീതി– ശാക്തീകരണ സഹമന്ത്രി പ്രതിമാ ഭൗമിക്കിനെയാണ് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഇത് സത്യമാണെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വനിത മുഖ്യമന്ത്രിയാകും പ്രതിമ.

ധൻപുർ നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടിയ പ്രതിമ 3,500 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവ് മാണിക് സർക്കാർ അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണിത്. 2018ൽ ഇവിടെ നിന്ന് വിജയിച്ച മാണിക് സർക്കാർ പ്രതിപക്ഷ നേതാവായി. ഇത്തവണ മാണിക് സർക്കാരിന്റെ അഭാവത്തിൽ കൗശിക് ചന്ദയേയാണ് സിപിഎം ടിക്കറ്റിൽ മത്സരിച്ചത്.

സംസ്ഥാനത്ത് സ്ത്രീകൾക്കായി നിരവധി പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സർക്കാർ ജോലികളിലും 33 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകുന്നതുൾപ്പെടെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഇതിനോടകം തന്നെ കൈയ്യടി നേടിക്കഴിഞ്ഞു. ഇത്തവണ പുരുഷ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു വനിതാ വോട്ടർമാർ, അതിനാൽ ബിജെപിയുടെ വിജയത്തിൽ സ്ത്രീവോട്ടർമാരുടെ പങ്കു ഏറെ വ്യക്തമാണ് . പ്രതിമ മുഖ്യമന്ത്രിയായാൽ മാണിക് സാഹയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles