Tuesday, September 29, 2026

ഒരു മിനുട്ട് ഹോസ്റ്റലിൽ വൈകിയെത്തി ; പുറത്ത് നിൽക്കേണ്ടി വന്ന വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം,പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ

കൊച്ചി: ഒരു മിനുട്ട് വൈകിയെത്തിയതിനെത്തുടർന്ന് ഹോസ്റ്റലിൽ കയറ്റാതെ പുറത്ത് നിർത്തിച്ച ബിരുദ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്.കെമിസ്ട്രി ഡിപ്പാർട്‌മെന്റിൽ നടന്ന ഫെസ്റ്റിന് ശേഷം ഇന്നലെ വൈകിട്ട് 6.30ന് ശേഷമാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയത്. 6.31-ന് ഹോസ്റ്റലിൽ എത്തിയെങ്കിലും വാർഡൻ തങ്ങളെ ഹോസ്റ്റലിൽ പ്രവേശിപ്പിച്ചില്ലെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.

ഇതേത്തുടർന്ന് ഹോസ്റ്റലിന് പുറത്തെ വരാന്തയിൽ ഇരുന്ന വിദ്യാർത്ഥിനികളിൽ ഒരാൾക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. നായ ആക്രമിച്ചിട്ടും വിദ്യാർത്ഥിനിയെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ വാർഡനോ ഹോസ്റ്റൽ ജീവനക്കാരോ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു. പിന്നീട് നാട്ടുകാരും സഹപാഠികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് കോളജ് കവാടത്തിലും ഹോസ്റ്റലിന് മുന്നിലും വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.

Related Articles

Latest Articles