ഡൊമീനിക്ക : രണ്ടു വർഷത്തിന് ശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ദേശീയ ടീമിലുൾപ്പെടുത്തുകയാണെങ്കിൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് വേണ്ടെന്നു വയ്ക്കാൻ തയാറാണെന്ന വെളിപ്പെടുത്തലുമായി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ. വിൻഡീസിന്റെ രണ്ട് ട്വന്റി20 ലോകകപ്പ് കിരീട നേട്ടങ്ങളിലും താരം പങ്കാളിയായിട്ടുണ്ട്. 2021 നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ആന്ദ്രെ റസ്സൽ വെസ്റ്റിൻഡീസിനായി ഒടുവിൽ കളിച്ചത്. 2024 ട്വന്റി20 ലോകകപ്പ് വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് നടക്കുക.
‘‘വെറുതെവന്ന് ലോകകപ്പ് കളിക്കുമെന്നു പറയാൻ ഞാനില്ല. വെസ്റ്റിൻഡീസിനായി കളിക്കുമ്പോൾ ചില ട്വന്റി20 ലീഗുകള്‍ നഷ്ടമാകുമെന്ന് എനിക്ക് അറിയാം. ടീമിനെ എങ്ങനെയാണോ ലോകകപ്പിൽ സഹായിക്കാനാകുക. അതു ചെയ്യാൻ ഞാന്‍ തയാറാണ്. ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് ട്വന്റി20 പരമ്പര വരുന്നുണ്ട്. അതിൽ കളിക്കണമെന്ന് എനിക്കു താൽപര്യവുമുണ്ട്. പക്ഷേ എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോൾ നന്നായി പരിശീലിക്കുന്നുണ്ട്.’’– ആന്ദ്രെ റസ്സല്‍ പറഞ്ഞു.

