Friday, May 3, 2024
spot_img

തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുത്ത യുവതിക്ക് 3.6 ലക്ഷം രൂപ പിഴയിട്ടു

മുംബൈ: തെരുവുനായകൾക്ക് ഭക്ഷണം കൊടുത്തെന്ന് ആരോപിച്ച് മുംബൈയിൽ സ്ത്രീക്ക് 3.6 ലക്ഷം രൂപ ഹൗസിങ് സൊസൈറ്റി പിഴയിട്ടു. പരസ്യ കമ്പനി ജീവനക്കാരിയായ നേഹ ദത്‌വാനി എന്ന യുവതിക്കാണ് ഇവർ അംഗമായ നിസർഗ് ഹെവൻ സൊസൈറ്റി പിഴ ചുമത്തിയിരിക്കുന്നത്.

ദിവസം 2500 രൂപ നിരക്കിൽ അഞ്ച് മാസത്തെ പിഴയാണ് ഇത്.എന്നാൽ ഫ്ലാറ്റിന്‍റെ സമീപത്ത് തന്നെ ജനിച്ച പട്ടികളാണ് ഇവയെന്നാണ് നേഹ ദത്‌വാനി പറയുന്നത്. ജനിച്ചപ്പോൾ മുതൽ പട്ടികളെ പരിപാലിക്കുന്നത് താനാണെന്നും ഈ പിഴ അന്യായമാണെന്നും അവർ പറഞ്ഞു.

തങ്ങളാരും മൃഗങ്ങളോട് സ്നേഹം ഇല്ലാത്തവരല്ലെന്നാണ് സൊസൈറ്റിയുടെ വാദം. തെരുവുനായകൾക്ക് ഭക്ഷണം നൽകരുതെന്നത് ചട്ടമാണെന്നും സൊസൈറ്റിയിലെ 98 ശതമാനം അംഗങ്ങളും അംഗീകരിച്ച പ്രമേയമാണിതെന്നുമാണ് പ്രസിഡന്‍റ് മിതേഷ് ബോറ പറഞ്ഞത്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താൻ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായകൾ പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും ആക്രമിക്കുമെന്നും അതിനാലാണ് അവയെ സൊസൈറ്റിയുടെ പരിധിയിൽ പ്രവേശിപ്പിക്കരുതെന്ന് പറയുന്നതെന്നും ബോറ പറഞ്ഞു.

പക്ഷെ പിഴയടക്കാൻ ഒരുക്കമല്ലെന്നാണ് നേഹ ദത്‌വാനിയുടെ നിലപാട്. താൻ ഇവിടെ നിന്നും താമസം മാറി പോവുകയാണെന്നും തന്‍റെ സഹോദരിയും അമ്മയും ഇതേ ഫ്ലാറ്റിൽ കഴിയുമെന്നും അവർ പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും ശല്യമാകാതിരിക്കാനാണ് താൻ താമസം മാറി പോകുന്നതെന്നും അവർ പറഞ്ഞു.

Related Articles

Latest Articles