Sunday, December 21, 2025

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും വാദങ്ങൾ തള്ളി, വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ച്‌ ഹൈക്കോടതി ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ച്‌ ഹൈക്കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. വനിതാ ജഡ്ജിയെ നിയമിക്കുന്നതിന് എതിരെ പ്രതികളായ പള്‍സര്‍ സുനിയും ദിലീപും ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി തള്ളി.

എറണാകുളം സിബിഐ കോടതിയിലെ ജഡ്ജി ഹണി വര്‍ഗീസാണ് കേസില്‍ വാദം കേള്‍ക്കുക. എറണാകുളം ജില്ലയിലെ സെഷന്‍സ് കോടതിയില്‍ വനിതാ ജഡ്ജി ഇല്ലാത്തതിനാലാണ് സിബിഐ കോടതിയെ ജഡ്ജിക്കു ചുമതല നല്‍കിയത്. ഒന്‍പതു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നതിനു തൊട്ടുമുമ്പ് കേസില്‍ കക്ഷി ചേരാന്‍ ദിലീപ് അപേക്ഷ നല്‍കിയിരുന്നു. ഇതു കോടതി അനുവദിച്ചില്ല. കേസ് വൈകിപ്പിക്കാനാണ് ദിലീപിന്റെ ശ്രമമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. നേരത്തെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടിയുടെ ആവശ്യത്തെ എതിര്‍ത്തിരുന്നു.

Related Articles

Latest Articles