Monday, May 20, 2024
spot_img

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരേ ആരോപണമുന്നയിച്ച വനിതാ നേതാവിനെ പുറത്താക്കി; നടപടി അധ്യക്ഷനെതിരെ പോലീസ് കേസെടുത്തതിന് തൊട്ട്പിന്നാലെ ;പരിഹാസവുമായി ബിജെപി

ദില്ലി : യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനെതിരെ ആരോപണം ഉന്നയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്ത അസമില്‍ നിന്നുള്ള വനിതാ നേതാവിനെതിരെ പാർട്ടി നടപടിയെടുത്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാരോപിച്ചാണ് വനിതാ നേതാവിനെ ആറു വര്‍ഷത്തേക്ക് പുറത്താക്കി അസം കോണ്‍ഗ്രസ് നടപടിയെടുത്തിരിക്കുന്നത്. വനിതാ നേതാവിന്റെ പരാതിയില്‍ ശ്രീനിവാസിനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്. മാനസികമായി പീഡിപ്പിക്കുന്നുവെന്നും വിവേചനം കാട്ടുന്നുവെന്നുമടക്കമുള്ള ആരോപണങ്ങളാണ് ശ്രീനിവാസിനെതിരെ വനിതാ നേതാവ് ഉയർത്തിയത്.

വനിതാ നേതാവിനെ പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെ കളിയാക്കി ബി.ജെ.പി. രംഗത്തെത്തി. സ്ത്രീ ശാക്തീകരണത്തിന്റെ മാതൃക ഇതാണെന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം. ‘ഞാന്‍ സ്ത്രീയാണ് എനിക്ക് പോരാടാന്‍ കഴിയും’ എന്ന പ്രിയങ്കാ ഗാന്ധിയുടെ മുദ്രാവാക്യം പൊള്ളയാണെന്ന് തെളിഞ്ഞതായും ബി.ജെ.പി. കുറ്റപ്പെടുത്തി. ആരോപണം ഉന്നയിക്കുന്നവരുടെ പരാതി പരിഹരിക്കുന്നതിന് പകരം അവരെ പുറത്താക്കുന്നതാണ് സ്ത്രീ ശാക്തീകരണത്തിന്റെ കോണ്‍ഗ്രസ് മാതൃകയെന്നും പുറത്താക്കല്‍ നടപടി, സ്ത്രീകള്‍ക്ക് നിരാശയുണ്ടാക്കുന്നതാണെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.

Related Articles

Latest Articles