ആലപ്പുഴ; തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോ റിക്ഷ (Auto Rickshaw Accident) മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. ചന്തിരൂർ പഴയ പാലത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് കുടുംബം പുലർത്താൻ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്. ചന്തിരൂർ പാലം ഓട്ടോ സ്റ്റാൻഡിലെ ഏക വനിതാ ഡ്രൈവറാണ്. ലെവിൻ തോമസ് ലെഹ്നാ തോമസ് എന്നിവർ മക്കളാണ്.
നായ കുറുകെ ചാടിയപ്പോൾ വണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോയിൽ നിന്നു തെറിച്ചുപോയ ഷീല തലയടിച്ചാണ് വീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

