Sunday, May 19, 2024
spot_img

‘കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല’; സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ഇതില്‍ ഉടന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍. മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാനസിക ആരോഗ്യകേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്ലെന്നാണ് വനിതാ കമ്മിഷന്‍ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല രോഗത്തില്‍ നിന്നും മുക്തി നേടിയവരെ തിരികെ കൊണ്ടുപോകാന്‍ പോലും ബന്ധുക്കളെത്തുന്നില്ലെന്നും വനിത കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആരോപണമുയരുന്ന പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി അടിയന്തരമായി എട്ടുപേരെക്കൂടി നിയമിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഇന്ന് കുറച്ചുകൂടി സാവകാശം നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

നേരത്തെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെടുകയും അന്തേവാസികള്‍ ചാടിപ്പോകുകയും ചെയ്ത പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെടല്‍ നടത്തിയിരുന്നു. സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം കുറ്റപ്പെടുത്തിയിരുന്നു.

തുടർന്ന് സ്ഥാപനത്തില്‍ ആവശ്യത്തിന് ജീവനക്കാരുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് കമ്മിഷന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് വ്യക്തമാക്കി.

Related Articles

Latest Articles