Sunday, May 19, 2024
spot_img

14 മാസം ഒരു അടിമയെപോലെ പണിയെടുത്തു; അവസരം കിട്ടിയപ്പോള്‍ എല്ലാവരും പിന്നില്‍ നിന്ന് കുത്തി: കോൺഗ്രസിനെതിരെ ഒളിയമ്പെയ്ത് എച്ച്‌ ഡി കുമാരസ്വാമി

ബംഗലൂരു: കോണ്‍ഗ്രസിനു വേണ്ടി കഴിഞ്ഞ 14 മാസക്കാലം ഒരു അടിമയെ പോലെ താന്‍ പണിയെടുത്തുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി. എന്നാല്‍ ആരും തന്റെ ജോലിയെ വിലമതിച്ചില്ലെന്നും കുമാരസ്വാമി പറയുന്നു.

എല്ലാ എംഎല്‍എമാര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് താന്‍ നല്‍കിയത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരെ വരെ സ്വതന്ത്രരായി വിട്ടു. കഴിഞ്ഞ 14 മാസവും ഈ എംഎല്‍എമാർക്ക് വേണ്ടിയും സഖ്യകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയും ഒരു അടിമയെ പോലെ താന്‍ ജോലി ചെയ്തു. എന്തിനാണ് അവര്‍ ഇപ്പോള്‍ തന്നെ പഴിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുമാരസ്വാമി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഇന്ന് ഏറെ സന്തോഷിക്കുന്നയാള്‍ താനാണ്. 14 മാസക്കാലം സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ചു. എന്നാല്‍ തന്റെ ജോലിയെ ആരും വിലമതിക്കാത്തതില്‍ ഉള്ളില്‍ ചെറിയ നൊമ്പരവുമുണ്ട്.

ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കും സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും കുമാരസ്വാമി വെളിപ്പെടുത്തി. എന്നാല്‍ തിരഞ്ഞെടുപ്പ് വിധി അനുകൂലമല്ലാതെ വന്നതോടെയാണ് ജെഡിഎസുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. എന്നാല്‍ അതില്‍ ചില പ്രദേശിക നേതാക്കള്‍ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ആദ്യ ദിനം മുതല്‍ ചില നേതാക്കള്‍ അത്തരത്തിലാണ് പെരുമാറിയത്. അത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്ല രീതിയില്‍ സഹകരിച്ചുവെന്നും കുമാരസ്വാമി പറഞ്ഞു.

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തതില്‍ തന്റെ പാര്‍ട്ടിയിലും ചില നേതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ഭാവിയും സഖ്യസര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെ അവര്‍ ഇഷ്ടപ്പെട്ടില്ല. തങ്ങളെ എങ്ങനെ പിന്നില്‍ നിന്ന് കുത്താമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും സഖ്യത്തോട് യോജിപ്പുണ്ടായിരുന്നില്ല.

മുന്‍കൂട്ടി അനുമതി ഇല്ലാതെ വന്ന എംഎല്‍എമാരുമായി പോലും താന്‍ അവരുടെ മണ്ഡലങ്ങളിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അവര്‍ ആവശ്യപ്പെട്ട കാര്യങ്ങളില്ലൊം താന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിച്ചു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിക്കാത്ത കാര്യങ്ങള്‍ 14 മാസങ്ങള്‍ കൊണ്ട് താന്‍ ചെയ്തു. 19,000 കോടിയില്‍ ഏറെ രൂപയാണ് 14 മാസം കൊണ്ട് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ അനുവദിച്ചത്.- കുമാരസ്വാമി വ്യക്തമാക്കി.

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യൂലര്‍-കോണ്‍ഗ്രസ് സര്‍ക്കാര്‍ ജൂലായ് 23ന് നടന്ന വിശ്വാസ വോട്ടിലാണ് നിലംപതിച്ചത്. 16 എംഎല്‍എമാര്‍ കൂറുമാറുകയും രാജിവയ്ക്കുകയും ചെയ്തതോടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. 26ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ 25ാമത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles