വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിക്കുന്നതിൽ സമവായമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ലോകം. നാളെ ഫ്ലോറിഡയിലെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച നടക്കുക.
ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള 20 പോയിന്റ് സമാധാന കരാർ 90 ശതമാനത്തോളം തയ്യാറാണെന്നും കാര്യങ്ങളെല്ലാം 100 ശതമാനവും നന്നായി നടക്കുന്നു എന്നത് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സെലൻസ്‌കി വെള്ളിയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, താൻ അംഗീകരിക്കുന്നതുവരെ യുക്രെയ്ന് എല്ലാം ശരിയായി എന്ന് പറയാനാവില്ലെന്ന് ട്രമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ട്രമ്പിന് വേണ്ടി ചർച്ച നടത്തുന്ന ടീമിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി ക്രിസ്മസ് ദിനത്തിൽ നടത്തിയ ഒരുമണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിനൊടുവിലാണ് സെലൻസ്‌കി ട്രമ്പിനെ നേരിൽ കാണാനുള്ള തീരുമാനമെടുത്തത്. പുതിയ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിന് ആവശ്യമായ ‘പുതിയ ആശയങ്ങൾ’ നൽകിയതായും സ്റ്റീവ് പറഞ്ഞു.
അമേരിക്ക ഇടനിലക്കാരായി നിന്ന് തയ്യാറാക്കിയ സമാധാന പദ്ധതിയിലും അമേരിക്കയുടെ സുരക്ഷാ ഗ്യാരന്റികൾക്കായുള്ള പ്രത്യേക നിർദ്ദേശങ്ങളിലുമായിരിക്കും താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സെലെൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഡൊൺബാസ് മേഖലയുടെ പുനർനിർമാണവും പ്രാദേശിക നിയന്ത്രണവും സംബന്ധിച്ചും സപ്പോരിസ്യ ആണവോർജ്ജ പ്ലാന്റ് സംബന്ധിച്ചും ഇരുപക്ഷവും ചർച്ചചെയ്യുമെന്നാണ് വിവരം.

