Saturday, May 18, 2024
spot_img

രക്തം ഊറ്റി ജീവൻ അപഹരിക്കുന്ന കൊലയാളി; ഇന്ന് ലോക കൊതുക് ദിനം

1897 ഓഗസ്റ്റ് 20നാണ് മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്നു കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസായിരുന്നു ഈ കണ്ടെത്തലിനു പിന്നിൽ. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കാണ് എല്ലാവർഷവും ഓഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്.മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിന്‌ 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തിന്‌ ലഭിച്ചു, യൂറോപ്പിന് വെളിയിൽനിന്നും ആദ്യം നൊബേൽ സമ്മാനം ലഭിച്ചതും ബ്രിട്ടനിൽ ആദ്യമായി നൊബേൽ സമ്മാനിതനായതും റൊണാൾഡ് റോസ്സായിരുന്നു.

ഏകദേശം മുന്നൂറ്‌കോടി വർഷംമുൻപ്‌ ഭൂമിയിൽ ഉടലെടുത്ത ഷഡ്പദങ്ങളാണ് കൊതുകുകൾ. മാരകരോഗാണുക്കളുടെ വാഹകരാണ് കൊതുകുകൾ. സ്വയം രോഗവിധേയരാകാതെ രോഗാണുക്കളെയോ, പരാദങ്ങളെയോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ ജീവികളിൽ നിന്ന് മനുഷ്യരിലേക്കോ സംക്രമിപ്പിക്കാൻ ഇവയ്ക്ക് കഴിയും. വൃത്തിയില്ലായ്മയാണ് കൊതുക് പെരുകുന്നതിന് പ്രധാന കാരണം.

മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് എന്നിങ്ങനെ നീളുന്നു കൊതുകു പരത്തുന്ന രോഗങ്ങളുടെ പട്ടിക. ക്യൂലക്സ്, അനോഫിലെസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് പ്രധാനമായും അപകടകാരികളായിട്ടുള്ളത്. ആയിരം കൊതുകുകളെ എടുത്താൽ ഒരു കൊതുക് അപകടകാരിയായ രോഗാണുക്കളെ വഹിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്‍റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാകുകയും ചെയ്യും. കൊതുകിന്‍റെ ഉമിനീർഗ്രന്ഥിയിൽ ഈ രോഗാണുക്കൾ ഒരാഴ്ച മുതൽ മൂന്നാഴ്ചവരെ ഉണ്ടാകും.

കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം കുറയ്ക്കുക എന്നതുതന്നെയാണ് കൊതുകു നിർമാർജ്ജനത്തിനുള്ള മികച്ച പോംവഴി. കൊതുകു ലാർവകളെ ഭക്ഷിക്കുന്ന ഗാംബുസിയ പോലുള്ള മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തി കൊതുകു പെരുകുന്നതു തടയാം. കൊതുകുവലകൾ ഉപയോഗിച്ച് ജനലും വാതിലുകളും മൂടുക വഴി ഇവ വീടിനകത്തു പ്രവേശിക്കുന്നതും തടയാം. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി, കൊതുകു തിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ഡൈഈതൈൽ ടൊളുവാമെഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.

ഏതു നിമിഷം വേണമെങ്കിലും മൂളിപ്പാട്ടു പാടി നമുക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കൊലയാളിയായി ഇവൻ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് പരിസര ശുചിത്വം ഉൾപ്പടെ പാലിച്ച് ഇവയെ നിർമ്മാർജ്ജനം ചെയ്യാൻ വേണ്ട നടപടികളെല്ലാം നമ്മൾതന്നെ സ്വീകരിച്ചേ മതിയാകൂ.

Related Articles

Latest Articles