ബെംഗളൂരു: പ്രളയബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രളയദുരന്തം നേരിട്ട ബെളഗാവി, ബാഗല്‍കോട്ട് ജില്ലകളിലായിരുന്നു മുഖ്യമന്ത്രി.
വെള്ളപ്പൊക്കം നേരിട്ട പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ മുഖ്യമന്ത്രി, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അന്തേവാസികളോട് നേരിട്ട് സംസാരിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു.
കഴിഞ്ഞ ദിവസം ബെളഗാവിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കവെ പുസ്തകം നഷ്ടപ്പെട്ടതിന്‍റെ ദുഃഖത്തില്‍ കരഞ്ഞ സിഎ വിദ്യാര്‍ഥിനി സീമയ്ക്ക് ഉടന്‍ തന്നെ പുസ്തകങ്ങള്‍ എത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നേരില്‍ കേട്ട് പ്രശ്‌നപരിഹാരം കണ്ടെത്തിയാണ് യെദിയൂരപ്പ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നത്.
ദുരിതമേഖലകളില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോമണിക്കൂറിലും ഇവിടെ നിന്നുള്ള വിവരങ്ങളും മുഖ്യമന്ത്രി ശേഖരിക്കുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പ്രളയബാധിത ജില്ലകളില ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന, സൈന്യം, എന്‍ഡിആര്‍എഫ്, എസ്.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
വെള്ളപ്പൊക്ക ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്നും വെള്ളപ്പൊക്ക ജില്ലകളില്‍ നേരിട്ടെത്തി പ്രശ്‌നങ്ങള്‍ വിലയിരുത്തുമെന്നും യെദിയൂരപ്പ പറഞ്ഞു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നിയോഗിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജനപ്രതിനിധികളുടെ നാലംഗ സംഘത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ബെളഗാവി സംഘത്തെ കേന്ദ്രസഹമന്ത്രി സുരേഷ് അംഗദിയും ധാര്‍വാഡ് സംഘത്തെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും, മലനാട് സംഘത്തെ ഈശ്വരപ്പ എംഎല്‍എയും തീരദേശ സംഘത്തെ ശോഭ കരന്തലജെ എം.പിയും നയിക്കും.
12 ജില്ലകളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുമ്പോഴും കൃത്യമായ ഏകോപനത്തിലൂടെ ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാനായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

