അബുദാബി: യുഎഇയുടെ ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. യമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 11.57 നായിരുന്നു സംഭവം നടന്നത്.
യുഎഇയുടെ പതാകയുള്ള ചരക്കുകപ്പലാണ് ഹൂതി വിമതർ തട്ടിയെടുത്തത്. സൗദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാൽഖിയാണ് ഇക്കാര്യം അറിയിച്ചത്.
യമനിലെ സൊകോത്ര ദ്വീപിൽ നിന്നു സൗദിയിലെ ജസാൻ തുറമുഖത്തേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതാണ് ചരക്കുകപ്പൽ.
സൊകോത്രയിലെ സൗദി ഫീൽഡ് ആശുപത്രിയിൽ ഉപയോഗിച്ച ആംബുലൻസ്, വാർത്താവിനിമയ ഉപകരണങ്ങൾ, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ കപ്പലിലുണ്ടായിരുന്നു.
അതേസമയം സമുദ്രസഞ്ചാരത്തിനും രാജ്യാന്തര വ്യാപാരത്തിനുമെതിരായ ഭീകരപ്രവർത്തനമാണ് ഹൂതി വിമതരുടെ കടൽക്കൊള്ളയാണിതെന്നാണ് സഖ്യസേനയുടെ ആരോപണം.

