Wednesday, December 24, 2025

ഇത്തവണ പിറന്നാളിന് യേശുദാസ് മൂകാംബികയിലെത്തില്ല; 48 വര്‍ഷമായി മുടങ്ങാതെ ക്ഷേത്രത്തിലെത്തുന്ന പതിവു തെറ്റിയതിനു കാരണം ഇതാണ്

കൊച്ചി: ഗാനഗന്ധർവൻ യേശുദാസ് 81ാം പിറന്നാളാഘോഷിക്കാന്‍ ഈ മാസം10 ന് മൂകാംബികാ ക്ഷേത്രം സന്നിധിയിലെത്തില്ല. കഴിഞ്ഞ 48 വര്‍ഷമായി മുടങ്ങാതെ തന്റെ പിറന്നാള്‍ കുടുംബ സമേതം മൂകാംബികാദേവിയുടെ അടുത്താണ് ഭജനയിരുന്ന് ആഘോഷിച്ചുവന്നത്. അമേരിക്കയിലെ ഡള്ളാസിലുള്ള യേശുദാസ് സുഹൃത്തും ഗാനരചയിതാവുമായ ആർ.കെ. ദാമോദരനുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ അമ്മയുടെ അടുത്തെത്താൻ സാധിക്കില്ല എന്ന വിവരം അറിയിച്ചത്.

ജനുവരി 10ന് ജന്മദിനവും, 13ന് (ഉത്രാടം നക്ഷത്രം) പിറന്നാളും അടുത്തടുത്ത് വരുന്നതിനാൽ ഈ ദിവസങ്ങളിൽ ദേവീ സന്നിധിയിലുണ്ടാകണമെന്ന ആഗ്രഹം രണ്ട് മാസം മുൻപ് വിളിച്ചപ്പോൾ അദ്ദേഹം ദാമോദരനുമായി പങ്കുവച്ചിരുന്നു. വരാനാവില്ലെങ്കിലും ദമ്പതി സമേതം ചെയ്യേണ്ട ചണ്ഡികാഹോമം ഒഴിച്ചുള്ള പിറന്നാൾ പൂജാകർമങ്ങളെല്ലാം നടത്താൻ മുഖ്യ അർച്ചകൻ ഗോവിന്ദ അഡിഗയെ ഏൽപ്പിച്ചിട്ടുണ്ട്.

ഡള്ളാസിലെ വീട്ടിലെ പൂജാ മുറിയില്‍ വിളക്ക് കൊളുത്തി ജപധ്യാന ഗാനാരാധന ചെയ്യുമെന്നും പ്രാര്‍ത്ഥനാനിരതനായി ദേവീ ക്ഷേത്ര ദര്‍ശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ചിൽ വിമാന സർവീസ് ആരംഭിക്കുന്നതോടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും. അതേസമയം പിറന്നാളിനോടനുബന്ധിച്ച്‌ സംഗീതഞ്ജന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബികാ സംഗീതോല്‍സവം പതിവു പോലെ ഇത്തവണയും നടക്കും.

Related Articles

Latest Articles