Sunday, May 5, 2024
spot_img

കൊവിഡ് വാക്‌സിന്‍ വിതരണം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകിട്ട് 4 മണിക്കാണ് യോഗം ചേരുക. വാക്‌സിനേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തിൽ ചര്‍ച്ച ചെയ്യും. അതിനൊപ്പം സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തും. കൊവിഡിനെതിരായ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ തുടങ്ങിയവ അടിയന്തിരമായി ഉപയോഗിക്കാന്‍ രാജ്യത്തെ ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നത്. കോഴിക്കോട് ജില്ലയില്‍ 5 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയില്‍ പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഗവ. എല്‍.പി.എസ്. കളത്തുകാല്‍ (അരുവിക്കര കുടംബാരോഗ്യ കേന്ദ്രം), നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.

വാക്‌സിനെത്തിയാല്‍ സൂക്ഷിക്കാന്‍ ജില്ലാ തല്ല വെയര്‍ഹൗസുകള്‍ സജ്ജമാണ്. ലാര്‍ജ് ഐഎല്‍ആര്‍ 20, വാക്‌സിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവയുടെ ജില്ലാതല വിതരണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles