Monday, June 17, 2024
spot_img

ബിജെപിയ്ക്ക് ഭൂരിപക്ഷം പ്രവചിച്ച് യോഗേന്ദ്രയാദവ്; ജോഡോ യാത്രയുടെ കണ്‍വീനറുടെ പ്രവചനത്തില്‍ ഇന്ത്യാ മുന്നണിക്കു നടുക്കം

യുഎസ് തെരഞ്ഞെടുപ്പു വിദഗ്ധനായ ഇയാന്‍ ബ്രെമ്മര്‍, പ്രശാന്ത് കിഷോര്‍ എന്നിവര്‍ക്കു ശേഷം മുന്‍ എഎപിക്കാരനായ യോഗേന്ദ്ര യാദവും ബിജെപിയുടെ വിജയം പ്രവചിച്ചിരിക്കുന്നു. കോണ്‍ഗ്രസിനോ ഇന്ത്യാ സഖ്യത്തിനോ ഇപ്പോള്‍ അവകാശപ്പെടും പോല ഒരു സാദ്ധ്യതയും ഇല്ലെന്ന് യാദവ് പ്രവചിക്കുന്നു. ബിജെപി വിരുദ്ധനായ യോഗേന്ദ്രയുടെ കണക്കുകള്‍ ഇന്ത്യാ മുന്നണിയില്‍ തന്നെ അമ്പരപ്പും പിന്നീട് ആശങ്കയുമുണ്ടാക്കിയിരിക്കുകയാണ്. ബിജെപി സഖ്യം വിജയം നേടുമെന്നു് പ്രവചിച്ച പ്രശാന്ത് കിഷോറിന് സോഷ്യല്‍ മീഡിയകളിലും വന്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. അതോടൊപ്പം തന്നെ പ്രശാന്ത് കിഷോര്‍ യോഗേന്ദ്ര യാദവിന്റെ സീറ്റ് പ്രവചനത്തെ പിന്തുണയ്ക്കുകയാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക മണ്ഡലങ്ങളും നേരിട്ടു സന്ദര്‍ശിച്ചാണ് യോഗേന്ദ്രയാദവ് തന്റെ റിപ്പോര്‍ട്ടു തയ്യാറാക്കുന്നതെന്നാണ് അറിയുന്നത്. യാദവിന്റെ അഭിപ്രായത്തില്‍ ബിജെപി 240-260 സീറ്റുകളും സഖ്യകക്ഷികള്‍ 34-45 സീറ്റുകളും നേടും, അതായത് എന്‍ഡിഎയുടെ മൊത്തം സീറ്റ് 275 മുതല്‍ 305 സീറ്റുകള്‍ വരെ എത്തും. അതായത് ലോക്‌സഭയില്‍ ഇപ്പോഴുള്ള സീറ്റു നില തുടരുമെന്ന പ്രതീക്ഷയാണ് യാദവും നല്‍കുന്നത്. ഭരണ തുടര്‍ച്ച അദ്ദേഹവും പ്രവചിക്കുന്നു. എന്‍ ഡിഎ ഭരണത്തെ താഴെയിറക്കി പൊതുതെരഞ്ഞെടുപ്പു വിജയം നേടുമെന്ന ഇന്ത്യാമുന്നണിയുടെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്നതാണ് ഈ കണക്കുകള്‍. എന്നിരുന്നാലും, യാദവിന്റെ അഭിപ്രായത്തില്‍, ഇപ്പോള്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സീറ്റു വര്‍ദ്ധന ഉണ്ടായേക്കാം. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതില്‍ കൂടുതല്‍ കിട്ടിയേക്കാം എന്നാണ് യാദവ് പ്രവചിക്കുന്നത്. ഇന്ത്യാ ബ്ലോക്കിന് 120-135 സീറ്റുകളായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറയുന്നു.

ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ കാര്യമായ അതൃപ്തി ജനങ്ങളില്‍ ഇല്ലെന്നും അതിനാല്‍ ബി.ജെ.പി സുഖകരമായി കേവല ഭൂരിപക്ഷം മറികടക്കുമെന്നും പ്രശാന്ത് കിഷോര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘370 സീറ്റ്’ ലക്ഷ്യം കൈവരിക്കാന്‍ ഒരു പക്ഷേ കഴിയില്ലെന്നും അദ്ദേഹം സൂചന നല്‍കി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തനിച്ച് 303 സീറ്റുകളും എന്‍ ഡി എയ്ക്ക് 323 സീറ്റുകളും നേടാന്‍ സാധിച്ചിരുന്നു. ശിവസേന കഴിഞ്ഞ തവണ എന്‍ ഡി എയുടെ ഭാഗമായി 18 സീറ്റ് നേടി. ഇപ്പോള്‍ സഖ്യത്തിനൊപ്പമില്ല. ഇനി ആരാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് വിലയിരുത്താമെന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. എന്‍ഡി എ ഭരണത്തില്‍ പ്രതീക്ഷിച്ചതു നടക്കാത്തതിനാല്‍ വോട്ടര്‍മാര്‍ക്ക് നിരാശയും കൂടുതല്‍ ആഗ്രഹങ്ങളും ഉണ്ടാകാം, പക്ഷേ പ്രധാനമന്ത്രിയ്‌ക്കെതിരേ വ്യാപകമായ രോഷം ഒരിടത്തുമില്ല,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിജെപി 295 മുതല്‍ 315 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പു ശാസ്ത്രജ്ഞനായ ഇയാന്‍ ബ്രെമ്മര്‍ പറഞ്ഞു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി 303 ലോക്സഭാ സീറ്റുകള്‍ നേടിയിരുന്നു. ബിജെപി അവകാശപ്പെടുന്നതു പോലെ 400 സീറ്റുകള്‍ നേടണമെങ്കില്‍ തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് വന്‍ വിജയം നേടേണ്ടിവരുമെന്നും നിരീക്ഷകര്‍ കണക്കു കൂട്ടുന്നു.

പ്രശാന്ത് കിഷോറിന്റേയും യോഗേന്ദ്രയാദവിന്റേയും നിഗമനങ്ങള്‍ തികച്ചും വിപരീതമാണെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ഇരുവരും പക്ഷപാതപരമായ സമീപനമാണ് വിശകലനത്തില്‍ സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തുന്നു. പ്രശാന്ത് കിഷോര്‍ 2022ല്‍ നടത്തിയ ഒരു പ്രവചനം തെറ്റിപ്പോയിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ കാമ്പയിന്‍ കണ്‍വീനര്‍മാരില്‍ ഒരാളായിരുന്നു യോഗേന്ദ്ര യാദവ്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014ല്‍ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു പ്രശാന്ത് കിഷോര്‍ എങ്കിലും തുടര്‍ന്ന് അദ്ദേഹം സഹകരിച്ചത് എന്‍ഡിഎയ്ക്കു പുറത്തുള്ള കക്ഷികളോടായിരുന്നു. ഇവര്‍ നടത്തിയ പ്രവചനങ്ങളില്‍ എന്‍ഡിഎയും ബിജെപിയും മുന്നിലെത്തുന്നത് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നു.

Related Articles

Latest Articles