Monday, June 17, 2024
spot_img

ജലസാമ്പിളിൽ മാരകമായ അളവിൽ സൾഫൈഡും അമോണിയയും ! പെരിയാറിലെ മത്സ്യക്കുരുതിയിൽ കുഫോസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്‍റെ പഠന സമിതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജലസാമ്പിളിൽ മാരകമായ അളവിൽ രാസവസ്തുക്കളായ അമോണിയയുടെയും സൾഫൈഡിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ മാരകമായ അളവിൽ എങ്ങനെ പെരിയാറിലെ വെള്ളത്തില്‍ എത്തിയെന്നും എവിടെ നിന്നാണ് ഇവ എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പെരിയാറിലെ മത്സ്യക്കുരുതി, വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമാണെന്നും രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ ആണ് നിയമിച്ചത്.

ഇതിനിടെ, പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മന്ത്രി പി.രാജീവന്‍റെ വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി.

അതേസമയം സംഭവത്തിൽ കർഷകന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പൊലീസിന്‍റെ നടപടി. 7.5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നും ഇതിന് കാരണകരായവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എലൂർ നഗരസഭയും നേരത്തെ പരാതി നൽകിയിരുന്നു.

Related Articles

Latest Articles