ലഖ്നൗ: ഉത്തർപ്രദേശിലെ വികസനപ്രവര്‍ത്തികള്‍ പ്രതിപക്ഷത്തിന് വിറളി പീഡിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി പ്രതിപക്ഷം തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രവര്‍ത്തകരെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്യവെയാണ് യോഗി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
വിഭജനമുണ്ടാക്കൽ പ്രതിപക്ഷപാര്‍ട്ടികളുടെ ഡി.എന്‍.എയിലുള്ളതാണ്. അവരുടെ ലക്ഷ്യം അപകടരമാണ്. ഇത്തരം ചിന്തയാണ് രാജ്യത്ത് ആദ്യം വിഭജനമുണ്ടാക്കിയത്. ഇപ്പോള്‍ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വിഭജനമുണ്ടാക്കുകയാണ്. അവര്‍ക്ക് കുടുംബത്തിന് പിന്തുടര്‍ച്ചയുണ്ടാക്കുക മാത്രമാണ് താല്‍പര്യം. മറ്റൊന്നും പ്രതിപക്ഷത്തിന്റെ വിഷയമല്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

