Monday, December 22, 2025

അയോദ്ധ്യയുടെ പുണ്യ ഭൂമിയിൽ സരയുവിന്റെ തീരത്ത് യോഗി സർക്കാർ തെളിയിച്ചത് 22 ലക്ഷം ദീപങ്ങൾ! രാമഭൂമിയുടെ രാവിനെ പകലാക്കിയ ഉദ്യമത്തിന് ഗിന്നസ് റെക്കോർഡിന്റെ തിളക്കവും ; സാക്ഷികളായത് അമ്പതിലധികം രാജ്യങ്ങളിലെ ഹൈക്കമ്മീഷണർമാരും അംബാസഡർമാരും

അയോദ്ധ്യ : ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ദീപോത്സവത്തിൽ ഉത്തർപ്രദേശ് സർക്കാർ തെളിയിച്ചത് 22 ലക്ഷം ദീപങ്ങൾ. അയോദ്ധ്യയുടെ പുണ്യ ഭൂമിയിൽ സരയുവിന്റെ തീരത്ത് തെളിയിച്ച ദീപങ്ങളുടെ ചിത്രം ഉത്തർപ്രദേശ് ടൂറിസം വകുപ്പ് സമൂഹ മാദ്ധ്യമമായ എക്സിലൂടെ പുറത്ത് വിട്ടു.

ദീപം തെളിയിക്കുന്നതിനായി 25,000-ത്തിലധികം സന്നദ്ധപ്രവർത്തകരാണ് കൈകോർത്തത്. കഴിഞ്ഞ കൊല്ലത്തെ ദീപോത്സവത്തിൽ 16 ലക്ഷം ദീപങ്ങളാണ് തെളിയിച്ചിരുന്നത്. ഇതും റെക്കോർഡായിരുന്നു.
വിവിധ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ രാവിലെ 10 മുതൽ സന്നദ്ധ പ്രവർത്തകർ വിളക്കിൽ എണ്ണ ഒഴിച്ചു തുടങ്ങിയിരുന്നു. ദീപങ്ങൾ ബ്ലോക്കുകൾക്കുള്ളിലാണ് ക്രമീകരിച്ചിരിക്കുന്നത്. 4.5 അടി വീതിയുള്ള ഒരു ബ്ലോക്കിൽ 16×16 രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന 256 ദീപങ്ങൾ ഉണ്ടാകും. ഘാട്ടുകളിൽ എണ്ണയൊഴുകുന്നത് തടയാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എണ്ണ ഒഴിച്ചതിന് ശേഷം കർപ്പൂരപ്പൊടി തിരിയിൽ പുരട്ടിയിട്ടുണ്ട്, അതിനാൽ തന്നെ ദീപങ്ങൾ പെട്ടെന്ന് പ്രകാശിച്ചു.

ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിലെത്തി. അമ്പതിലധികം രാജ്യങ്ങളിലെ ഹൈക്കമ്മീഷണർമാരും അംബാസഡർമാരും ചടങ്ങിൽ പങ്കെടുക്കുകയാണ്. ഉപമുഖ്യമന്ത്രി കേശവ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും എത്തിച്ചേർന്നിട്ടുണ്ട്.

2017 മുതല്‍ ഉത്തര്‍പ്രദേശ് സര്‍വ്വ പ്രൗഢിയോടും കൂടിയാണ് ദീപോത്സവ് ആഘോഷിക്കുന്നത്. ദീപോത്സവത്തിന്റെ ഭാഗമായി 2017-ല്‍ ‘രാമ് കി പൈഡി’ 1. 71 ലക്ഷം ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. അതിനുശേഷം 2018ല്‍ 3.01 ലക്ഷം, 2019ല്‍ 4.04 ലക്ഷം, 2020ല്‍ 6.06 ലക്ഷം, 2021ല്‍ 9.41 ലക്ഷം, എന്നിങ്ങനെയായിരുന്നു ദീപോത്സവത്തിന് ദീപങ്ങള്‍ അണിനിരന്നത്. 2022ല്‍ ഉത്തര്‍പ്രദേശ് തന്നെ ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു. 15ലക്ഷം ദീപങ്ങളാണ് അലങ്കാരത്തിനായി അന്ന് ഉപയോഗിച്ചത്.

Related Articles

Latest Articles