Wednesday, May 15, 2024
spot_img

കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി ദേവസ്വംബോർഡും സർക്കാരും! അരവണ ശബരിമല വനത്തിൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ വനം, പരിസ്ഥിതി വകുപ്പുകൾ; ബോർഡിന് നഷ്ടം 6.65 കോടി !

തിരുവനന്തപുരം : കീടനാശിനിയുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനാകാതെ ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന കേടായ 6.65 ലക്ഷം ടിൻ അരവണ എങ്ങനെ നശിപ്പിക്കണമെന്നറിയാതെ കുഴങ്ങി തിരുവിതാംകൂർ ദേവസ്വംബോർഡ്. മണ്ഡല ഉത്സവത്തിനായി ഈ വരുന്ന വ്യാഴാഴ്ച നടതുറക്കാനിരിക്കെ വിഷയത്തിൽ പോംവഴി കണ്ടെത്താൻ സർക്കാരിനും ബോർഡിനും നിലവിൽ കഴിഞ്ഞിട്ടില്ല. കേടായ ടിന്നുകൾ മാറ്റാതെ ഈ തീർഥാടനകാലത്തേക്ക്‌ തയ്യാറാക്കുന്ന ടിന്നുകൾ സൂക്ഷിക്കാൻ ഇടമില്ല.

ശബരിമലയിൽ ഏലയ്ക്ക നൽകിക്കൊണ്ടിരുന്ന കരാറുകാരുടെ തമ്മിൽ തല്ലാണ് അരവണവിവാദം സുപ്രീംകോടതിവരെ എത്തിച്ചത് എന്നത് പരസ്യമായ രഹസ്യമാണ്. അരവണയിൽ ഉപയോഗിച്ച ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം അളവിൽക്കൂടുതലുണ്ട് എന്നായിരുന്നു പരാതി. ഇത് തെളിഞ്ഞതോടെ ഹൈക്കോടതി വിൽപ്പന വിലക്കി. തുടർന്ന് ബോർഡ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. പിന്നാലെ പരിശോധനയിൽ കീടനാശിനിയുടെ അംശം അനുവദനീയ തോതിലേ അടങ്ങിയിട്ടുള്ളു എന്ന് കണ്ടെത്തിയെങ്കിലും നിയമനടപടികൾ പൂർത്തിയായപ്പോഴേക്ക്‌ അരവണ കേടായി. രണ്ടാഴ്ച മുൻപ് സുപ്രീംകോടതി അരവണ നശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. നിർമ്മിച്ച അരവണയുടെ വിൽപ്പന മുടങ്ങിയതോടെ 6.65 കോടി രൂപയാണ് ബോർഡിന് നഷ്ടമുണ്ടായത്. അതേസമയം അരവണ ശബരിമല വനത്തിൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വനം, പരിസ്ഥിതി വകുപ്പുകൾ. ഇത് അവിടെ ഉപേക്ഷിക്കുന്നത് മൃഗശല്യം കൂട്ടും. പരിസ്ഥിതിപ്രശ്നവും ഉണ്ടാക്കും. സന്നിധാനത്തുനിന്ന് പുറത്തെത്തിച്ച് എവിടെയെങ്കിലും അരവണ ഒഴുക്കി ടിന്നുകൾ റീസൈക്കിൾ ചെയ്യുന്നത് ശ്രമകരമാണെന്ന് ബോർഡ് പറയുന്നു. സർക്കാർച്ചെലവിൽ അരവണ നശിപ്പിക്കണമെന്നും കോടതിയിൽപ്പോയ കരാറുകാരനിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് ദേവസ്വം ബോർഡിന്റെ ആവശ്യം.

മാളികപ്പുറത്ത് പഴയ അന്നദാനമണ്ഡപത്തിടുത്ത് സൂക്ഷിച്ചിരിക്കുകയാണ് കേടായ അരവണ. പുതിയത് പലയിടത്തായി ശേഖരിക്കുകയാണ്. ഏറ്റവുംകൂടുതൽ വിൽപ്പനയുള്ള പ്രസാദമാണ് അരവണ. ദിവസവും രണ്ടുലക്ഷം ടിൻവരെ അരവണ തയ്യാറാക്കാവുന്ന പ്ലാന്റാണ് സന്നിധാനത്തേത്. ഇപ്പോൾ അതിന്റെ പകുതിയിലേറെ മാത്രമാണ് നിർമിക്കുന്നത്.

Related Articles

Latest Articles