Monday, May 20, 2024
spot_img

ഫോർമാലിൻ സൂക്ഷിച്ചത് കുടിവെള്ള കുപ്പിയിൽ; വെള്ളമെന്ന് കരുതി ഒഴിച്ചത് ഫോർമാലിൻ;ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണത്തിൽ പുതിയ നിഗമനവുമായി പൊലീസ്

ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ പുതിയ നിഗമനവുമായി പൊലീസ്. വെള്ളമെന്ന് കരുതി യുവാക്കൾ ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ഒഴിക്കുകയായിരുന്നുവെന്ന നിഗമനത്തിനാണ് പോലീസ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഇരിങ്ങാലക്കുട ചന്തക്കുന്നിൽ നിശാന്ത് (43), പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ബിജു (42) എന്നിവരാണ് മരിച്ചത്.

ഫോർമാലിൻ ഉള്ളിൽ ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. ഇരുവരുടേയും ആന്തരിക അവയവങ്ങൾ വെന്തുപോയ നിലയിലായിരുന്നു. അപായപ്പെടുത്താൻ മനഃപൂർവം ആരെങ്കിലും ഫോർമാലിൻ നൽകിയതാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.കോഴി മാലിന്യത്തിന്റെ ദുർഗന്ധം പോകാൻ ഫോർമാലിൻ ഉപയോഗിക്കാറുണ്ടെന്ന് കടയിലെ ജീവനക്കാർ മൊഴി നൽകിയിരുന്നു. ചന്തക്കുന്നിൽ ബസ് സ്റ്റാൻഡിന് സമീപത്തായി ചിക്കൻ സെന്റർ നടത്തുകയാണ് നിശാന്ത്. ഇന്നലെ വൈകിട്ട് നിശാന്തിന്റെ കടയിൽ വച്ചാണ് ഇരുവരും മദ്യം കഴിച്ചത്. കുടിവെള്ളത്തിന്റെ കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചത്. ഇതാകാം മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles