Saturday, May 18, 2024
spot_img

സയന്റിഫിക് ടെംപര്‍ വളര്‍ത്തണം; വികസിത ഇന്ത്യ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കണം; ചന്ദ്രയാന്‍ മൂന്നിന്റെ വിജയം ആഘോഷിച്ച് പ്രധാനമന്ത്രി

ദില്ലി: ചന്ദ്രയാന്റെ വിജയത്തിൽ പറയാൻ വാക്കുകളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ വികസിത ഇന്ത്യ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കണമെന്നും സയന്റിഫിക് ടെംപര്‍ വളര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാന്‍ മൂന്നിന്റെ വിജയവും ഒപ്പം വിദേശപര്യടനത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ മടക്കവും ആഘോഷിക്കാന്‍ ദില്ലി വിമാനത്താവളത്തില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടയിലും ഗ്രീസിലെ സന്ദര്‍ശനത്തിനിടയിലും ചന്ദ്രയാന്‍ വിജയത്തില്‍ അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടുള്ള ഒട്ടേറെ സന്ദേശങ്ങള്‍ തനിക്കു ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയുടെ നേതൃത്വത്തിലാണ് മോദിക്കു സ്വീകരണം ഒരുക്കിയത്. പാര്‍ലമെന്റ് അംഗങ്ങളും ഒട്ടേറെ പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു.

അതേസമയം ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിലെ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നേരിട്ടെത്തി പ്രധാനമന്ത്രി അഭിനന്ദിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് & കമാൻഡ് നെറ്റ്‌വർക്ക് മിഷൻ കൺട്രോൾ കോംപ്ലക്‌സിൽ ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് ടീമിനെ അഭിസംബോധന ചെയ്യുന്നതിനിടെ വാക്കുകൾ കിട്ടാതെ അദ്ദേഹം വികാരനിർഭരനായി.

‘ഞാൻ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാൽ എന്റെ മനസ്സ് നിങ്ങൾക്കൊപ്പമായിരുന്നു. ഇന്ത്യ ചന്ദ്രനോളമെത്തി, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയർന്നു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത് ഇന്ത്യയാണ്’ എന്ന മോദി പറഞ്ഞു. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Related Articles

Latest Articles