പാലക്കാട് ∙ പാകിസ്ഥാനിലെ ജയിലിൽ തടവിൽ കഴിയവെ മരിച്ച പാലക്കാട് കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അതിർത്തിയിൽ പോയി ഏറ്റുവാങ്ങില്ലെന്ന് കുടുംബം വ്യക്തമാക്കി. ചത്തീസ്ഗഡിലെ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങണമെന്നായിരുന്നു പൊലീസ് നിർദേശിച്ചിരുന്നത്. പ്രായാധിക്യത്തെത്തുടർന്നുള്ള അവശതകൾ കാരണം സുൾഫിക്കറിന്റെ പിതാവിന് പോകാനാകില്ല. കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ടെന്നും അങ്ങനെ എത്തിക്കുകയാണെങ്കിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കാരം നടത്തുമെന്നും കുടുംബം അറിയിച്ചു.
സുൾഫിക്കറിന്റെ ഭാര്യയും കുട്ടിയും വിദേശത്താണ്. 2018ലാണ് ഇയാൾ അവസാനമായി നാട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. അതിർത്തി ലംഘിച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്നാരോപിച്ചാണ് പാകിസ്ഥാൻ സുൾഫിക്കറിനെ കറാച്ചി ജയിലിൽ തടവിലാക്കിയത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെയാണു മരണവിവരം കേരള പൊലീസിനു ലഭിക്കുന്നത്. വർഷങ്ങളായി ദുബായിലായിരുന്ന ഇയാളെപ്പറ്റി എൻഐഎ അടക്കുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്. അഞ്ചുവർഷമായി കുടുംബവുമായി യാതൊരു ബന്ധവും പുലർത്താതിരുന്ന ഇയാൾ വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

