Tuesday, May 14, 2024
spot_img

സൈകൊവ്-ഡി വാക്‌സിൻ; അടിയന്തര ഉപയോഗ അനുമതിയുടെ വാതിലിൽ മുട്ടി സൈഡസ് കാഡില

ദില്ലി: കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ സൈകൊവ്-ഡിയുടെ നിർമ്മാണ കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ചു. അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കുന്ന രണ്ടാമത്തെ തദ്ദേശീയ കൊവിഡ് വാക്‌സിനാണ് ഇത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ചെടുത്തതാണ് സൈകൊവ്-ഡി എന്ന കോവിഡ് വാക്‌സിൻ. വാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്നും, അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നുമാണ് ഡിസിജിഐക്ക് സമർപ്പിച്ച അപേക്ഷയിൽ കമ്പനി പറയുന്നത്. കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്‌സിൻ കൂടിയാണ് സൈകൊവ്-ഡി.

സൈകൊവ്-ഡി എന്ന ഈ വാക്‌സിനിൽ വൈറസിന്‍റെ ഡിഎൻഎ കണ്ടെത്തി ആന്‍റിബോഡി ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. വാക്സിന്‍റെ മൂന്നാം ഘട്ട ട്രയലിൽ 28,000 സന്നദ്ധരായ ആളുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ അഭിപ്രായപ്പെട്ടിരുന്നു. ബയോടെക്നോളജി വകുപ്പിന്‍റെ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്‍റെ ഭാഗമായി ദേശീയ ബയോഫാർമ മിഷന്‍റെ പിന്തുണയോടെയാണ് സൈഡസ് കാഡില സൈകൊവ്-ഡി വാക്‌സിൻ വികസിപ്പിക്കുന്നത്.നിലവിൽ ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, റഷ്യയുടെ സ്പുട്നിക്-വി എന്നിവയ്ക്കാണ് രാജ്യത്ത് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles