Sunday, May 5, 2024
spot_img

ഇനി അനധികൃതമായി ഡ്രോണുകൾ കൈവശം വച്ചാൽ പിടി വീഴും; ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ

രജൗരി: ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ. കശ്മീരിലെ രജൗരിയിലാണ് ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മുവിലെ വ്യോമവിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് കർശന നടപടി പുറപ്പെടുവിച്ചിരിക്കുന്നത്. രജൗരി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാർ ശാവൻ ആണ് നിർദ്ദേശം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഡ്രോൺ കൈവശമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അവ ഏൽപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഡ്രോണുകൾ സൂക്ഷിക്കുന്നതും വാങ്ങുന്നതും വിൽക്കുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ നിരോധിച്ചിരിക്കുകയാണ്. മാപ്പിംഗിനും സർവേകൾക്കുമായി ഡ്രോണുകൾ ഉപയോഗിക്കുന്ന സർക്കാർ ഏജൻസികൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.

ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌ക്കർ-ഇ-ത്വയിബയുടെ ഇടപെടലെന്ന് കണ്ടെത്തിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐ, ലഷ്‌ക്കർ-ഇ-ത്വയിബയെ ഉപയോഗിച്ചു നടപ്പാക്കിയ ഭീകരക്രമണമാണ് ജമ്മു വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായയെന്നാണ് എൻഐഎയുടെ പ്രാഥമിക നിഗമനം.വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് മരുന്നുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത ഡ്രോണുകളാണെന്നും വ്യക്തമായിട്ടുണ്ട്.

എന്നാൽ ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായാണ് സംശയിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്. അതേസമയം ബീഹാറിലെ നേപ്പാൾ അതിർത്തിക്ക് സമീപം കാറിൽ ചൈനീസ് നിർമ്മിത ക്യാമറ ഡ്രോണുകൾ ഇന്ന് വീണ്ടും കണ്ടെത്തി. ചൈനയിൽ നിർമ്മിച്ച ക്യാമറകൾ ഘടിപ്പിച്ച എട്ട് ഡ്രോണുകളാണ് കണ്ടെത്തിയത്. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപത്തു നിന്നാണ് ഡ്രോണുകൾ പിടിച്ചെടുത്തത്. ബീഹാർ പോലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയ കാറിൽ പ്രത്യേക ബോക്സുകളിൽ പായ്ക്ക് ചെയ്ത നിലയിലാണ് ഡ്രോണുകൾ കണ്ടെത്തിയതെന്ന് നേപ്പാൾ അതിർത്തി സംരക്ഷകരായ സഹസ്ര സീമാബാൽ സബ് ഇൻസ്പെക്ടർ പറഞ്ഞു. സംഭവത്തിൽ പോലീസ് മൂന്നുപേരെ അതിർത്തി സുരക്ഷാ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles