Sunday, May 19, 2024
spot_img

അജയ് പണ്ഡിതയുടെ കൊലപാതകം, അമർഷം പുകയുന്നു. മതം നോക്കി പ്രതിഷേധിക്കുന്നവർക്കെതിരേ കങ്കണയും അനുപം ഖേറും

കാശ്മീരി പണ്ഡിറ്റും കോണ്ഗ്രസ്സ് നേതാവുമായ അജയ് പണ്ഡിത ഭാരതിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും അനുപംഖേറും രംഗത്ത്. ഏത് വിഷയത്തിലും അഭിപ്രായമുള്ള ബോളിവുഡിലെ സെലിബ്രിറ്റികള്‍ അജയ് പണ്ഡിതക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ കുറ്റകരമായ മൗനം പാലിക്കുന്നതിനെതിരെയായിരുന്നു കങ്കണ വീഡിയോയിലൂടെ പ്രതികരിച്ചത്. കൊല്ലപ്പെടുന്നവരുടെ മതം നോക്കിയുള്ള സെലക്ടീവ് പ്രതികരണം ആണ് ബോളിവുഡ് നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.

കാശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിച്ചു അവരുടെ ഭൂമിയും വസ്തുവകകളും അവരെ തിരികെ ഏല്പിക്കണമെന്നും അവര്‍ക്ക് എല്ലാ നീതിയും ലഭ്യമാക്കണമെന്നും അജയ് പണ്ഡിതയുടെ രക്തസാക്ഷിത്വം വെറുതെയാവരുതെന്നും കങ്കണ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും അഭ്യര്‍ഥിച്ചു.

സിനിമാതാരം അനുപം ഖേറും ഈ കൊലപാതകത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തു.

ജമ്മുകാശ്മീരിലെ അനന്തനാഗ് ജില്ലയിലെ ഒരു സര്‍പഞ്ചായിരുന്ന 40 വയസ്സുകാരനായ അജയ് പണ്ഡിതയെ തിങ്കളാഴ്ചയായിരുന്നു തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഒരു കോണ്ഗ്രസ്സ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും കോണ്ഗ്രസ്സ് പാര്‍ട്ടിയും മൗനത്തിലാണ്.

ഷോപ്പിയാന്‍ ജില്ലയില്‍ അഞ്ചു ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിന് തൊട്ടുപിന്നാലെയാണ് കാശ്മീരി പണ്ഡിറ്റുകളില്‍ ഒരാളായ ഈ ഗ്രാമമുഖ്യനെ ഭീകരവാദികള്‍ കൊന്നുകളഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

തിങ്കളാഴ്ച ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലെ ലക്ബൊവന്‍ ലര്‍ക്കിപുര പഞ്ചായത്തിന്റെ സര്‍പഞ്ച് ആയ കോണ്‍ഗ്രസ് നേതാവ് അജയ് പണ്ഡിതയെ , സ്വന്തം ആപ്പിള്‍ തോട്ടത്തില്‍ വച്ച്, ബൈക്കിലെത്തിയ തീവ്രവാദികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. അജയ് പണ്ഡിതയ്ക്കു നേരെ ഇതിനു മുമ്പും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ വധഭീഷണി മുഴക്കിയിരുന്നതാണ്.

‘എന്തുകൊണ്ടാണ് നിങ്ങളുടെ കണ്ണില്‍ ഞങ്ങള്‍ കശ്മീരി പണ്ഡിറ്റുകളുടെ ജീവന് ഒരു വിലയുമില്ലാത്തത് ?’ എന്ന് ഒരു കത്തിലൂടെ വികാരാധീനനായി അജയ് പണ്ഡിത എഴുതിച്ചോദിച്ചതിനും, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിനും ആഴ്ചകള്‍ക്കുള്ളിലാണ് അദ്ദേഹം വധിക്കപ്പെട്ടിരിക്കുന്നത്. ഹിസ്ബുളിന്റെ ഭാഗത്തു നിന്നുള്ള വധഭീഷണി ഉള്‍പ്പെടെ ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ താഴ്‌വരയില്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, തന്റെ ആശങ്കകളെക്കുറിച്ചും ഒക്കെ അജയ് പണ്ഡിത സംസാരിക്കുന്ന അഭിമുഖം അദ്ദേഹത്തിന്റെ മരണശേഷം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

2018 -ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയോടെ പല കശ്മീരി പണ്ഡിറ്റുകളും മത്സരിച്ച് ജയിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് അജയ് പണ്ഡിതയും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച അന്നുതൊട്ടേ അജയ് പണ്ഡിതയെ വധിക്കും എന്ന ഹിസ്ബുള്‍ ഭീഷണി നിലവിലുണ്ടായിരുന്നു.

Related Articles

Latest Articles