തിരുവനന്തപുരം :മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. രണ്ട് തവണയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചത്. വില്ലനായി തുടങ്ങി നായകവേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹത്തിന്റെ ജീവിതയാത്ര എല്ലാവര്‍ക്കുമൊരു പ്രചോദനമായിരുന്നു.
നായകനാവാനുളള ലുക്ക് തനിക്കില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് പിന്നീട് വായടപ്പിക്കുന്ന മറുപടിയാണ് അഭിനയത്തിലൂടെ ലാലേട്ടന്‍ നല്‍കിയത്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുളള താരം കൂടിയാണ് മോഹന്‍ലാല്‍. വിവിധ ഭാഷകളിലായി 300ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.
സൂപ്പര്‍താരത്തിന്റെ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഇപ്പോഴിതാ നടന്റെതായി പുറത്തിറങ്ങിയ ഒരു പഴയകാല ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോളേജില്‍ പഠിക്കുന്ന കാലത്തെ ഫോട്ടോയാണ് വീണ്ടും തരംഗമാവുന്നത്. അന്ന് അഭിനയത്തിന് നടന്‍ സമ്മാനം വാങ്ങിച്ചതാണ് ഫോട്ടോയില്‍ പറയുന്നത്. മികച്ച രണ്ടാമത്തെ നടനുളള അവാര്‍ഡാണ് മോഹന്‍ലാലിന് ലഭിക്കുന്നത്.
ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കാവാലം ശ്രീകുമാറിനെയും ഫോട്ടോയില്‍ കാണാം. അന്ന് കലാമേളയില്‍ മികവ് തെളിയിച്ചവരുടെ ഫോട്ടോ ഒരു മാസികയില്‍ അച്ചടിച്ചു വന്നിരുന്നു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമാവുന്നത്.
ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാലിന്റെ സിനിമാ അരങ്ങേറ്റം. .

