Monday, December 29, 2025

എല്ലാം വ്യാജം.പാകിസ്താനിലെ കള്ളപൈലറ്റുമാർ

ഇസ്ലാമാബാദ്: പാകിസ്താനിലെ 30 ശതമാനത്തിലധികം പൈലറ്റുമാര്‍ക്കും വ്യാജ ലൈസന്‍സാണുള്ളതെന്നും വിമാനം പറത്താന്‍ യോഗ്യത ഇല്ലാത്തവരാണെന്നും പാക് വ്യോമയാന മന്ത്രിയുടെ വെളിപ്പെടുത്തല്‍. പാകിസ്താന്‍ പാര്‍ലമെന്റിലാണ് വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. 262 പൈലറ്റുമാര്‍ പരീക്ഷ എഴുതിയിട്ടില്ല. ഇവര്‍ക്ക് വേണ്ടി പണം കൈപ്പറ്റി മറ്റുള്ളവര്‍ പരീക്ഷ എഴുതിയെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് വിമാനം പറത്തിയുള്ള അനുഭവങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുലാം സര്‍വാര്‍ ഖാന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ.) 150 പൈലറ്റുമാരെ ഒഴിവാക്കി. ഇവരുടെ ലൈസന്‍സിന്റെ സാധുതയില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണിത്. രാജ്യത്തെ ആകെയുള്ള 860 പൈലറ്റുമാരില്‍ 262 പേരുടെ പക്കലുള്ളത് വ്യാജലൈസന്‍സാണെന്നാണ് മന്ത്രി പറഞ്ഞത്.

പി.ഐ.എ. വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.   മേയ് 22-ന് കറാച്ചിയില്‍ പി.ഐ.എ. വിമാനം അപകടത്തില്‍പ്പെട്ട് 97 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles