ദില്ലി: രാജ്യതലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ കനത്തമഴ. വ്യാഴാഴ്ച രാവിലെ മുതൽ നഗരത്തില്‍ വിവിധ പ്രദേശങ്ങളിൽ കനത്തമഴ അനുഭവപ്പെടുകയാണ്. മഴയെ തുടർന്ന് പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതലും വെള്ളക്കെട്ട് രൂക്ഷമാവുന്നത് .
മഴയെത്തുടർന്ന് ദ്വാരക മേഖലയിലെ അണ്ടർപാസിലും ദില്ലി റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അണ്ടര്‍പാസില്‍ വെളളം കയറിയത് വാഹനഗതാഗതത്തെ ബാധിച്ചു. പ്രദേശത്ത് ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുകയാണ്.
ദില്ലിൽ കനത്തമഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . മിക്ക സ്ഥലങ്ങളിലും ഇടിമിന്നലോടുകൂടിയ തീവ്രമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടുതലും ദില്ലി, നോയിഡ, ഗ്രേറ്റർ നോയിഡ, റോഹ്തക്, ജിന്ദ്, നർവാന, മെഹാം, ഗുരുഗ്രാം, മനേസർ, ഗാസിയാബാദ്, ഫരീദാബാദ്, പൽവാൾ, ഹോഡാൽ, ബുലന്ദഷാർ, ഗുലോത്തി, എന്നിവിടങ്ങളിലാണ് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലും രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കിട്ടിയിരുന്നു. രണ്ടുദിവസം മുന്‍പും ദില്ലിയിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

