പത്തനംതിട്ട : ശക്തമായ മഴ മൂലം ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തിൽ പമ്പ അണക്കെട്ട് നിറഞ്ഞു. ഇതേ തുടർന്ന് അണക്കെട്ട് തുറക്കുകയാണ്. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഷട്ടർ തുറന്ന് വക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറ് ഷട്ടറുകൾ രണ്ട് അടിവീതം ഉയര്‍ത്താനാണ് തീരുമാനം. പമ്പ നദിയിൽ 40 സെന്റി.മീറ്റർ വരെ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോർട്ടുകൾ .
അതേസമയം അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്ന് മാത്രമല്ല ചെറിയ ഡാമുകൂടിയായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെ എസ് ഇ ബിയും അറിയിച്ചു. ഇടുക്കി ഉൾപ്പടെ പ്രധാന ഡാമുകളിൽ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്‍മാൻ എൻ എസ് പിള്ള പറഞ്ഞു.
അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്. റാന്നി ടൗണിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
.

