കൊല്ലം : ജില്ലയിൽ മഴ ശക്തമായതോടെ തീരദേശ മേഖലയിലും ആശങ്ക. പുലിമുട്ട് നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ അവശേഷിക്കുന്ന തീരദേശ റോഡും ഭീഷണിയിലാണെന്ന് റിപ്പോർട്ടുകൾ . മഴക്കാലത്തെ സുരക്ഷാ നടപടികൾ ഇരവിപുരം മേഖലയിൽ പൂർത്തിയാക്കിയിട്ടില്ലെന്നും ആക്ഷേപമുയരുകയാണ് . മഴയുടെ തുടക്കത്തിൽ തന്നെ കാക്കത്തോപ്പ് മേഖലയിൽ കടൽ കയറിത്തുടങ്ങി. തീരദേശ റോഡിന്റെ അടിഭാഗത്തെ മണ്ണ് പലയിടത്തും ഒലിച്ചുപോയിട്ടുണ്ട്. നിലവിൽ നാശനഷ്ടങ്ങൾ ഒന്നുമില്ലെങ്കിലും വരും ദിവസങ്ങളിൽ കടൽ ഇനിയും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

