മുംബൈ : കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ നില തൃപ്തികരമെന്ന് റിപ്പോർട്ട് . മുംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഐസലേഷൻ വാർഡിലാണ് നിലവിൽ ബിഗ് ബിയുള്ളത് . ചെറിയതോതിലുള്ള രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക.ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് 5ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി .
നേരത്തെ താരത്തിന് പിന്നാലെ മകൻ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച വിവരം ഇരുവരും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അതേസമയം, അമിതാഭ് ബച്ചന്‍റെ ഭാര്യയും നടിയുമായ ജയാബച്ചനും മരുമകള്‍ ഐശ്വര്യാറായിക്കും കൊച്ചുമകള്‍ ആരാധ്യയ്‌ക്കും കോവിഡ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്

