ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. അതേസമയം, മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞുവരുന്നത് പെരിയാർ തീരത്തുള്ളവർക്ക് ആശ്വാസമാവുകയാണ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും, നീരൊഴുക്കും ഇപ്പോൾ ഏകദേശം സമാനമാണ്. ഇത് ജലനിരപ്പ് ക്രമാതീതമായി വർധിക്കുന്നത് തടയാൻ സഹായിക്കുന്നു.
ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂർണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതേ തുടർന്ന് ജില്ലാഭരണകൂടവും മുല്ലപ്പെരിയാർ ഉപസമിതിയിലെ കേരള പ്രതിനിധികളും ഇക്കാര്യം തമിഴ്നാടിനോട് ആവശ്യം ഉന്നയിച്ചു . എന്നാൽ വരും ദിനങ്ങളിലെ മഴയുടെ അളവ് നോക്കി മാത്രമേ വിഷയത്തിൽ തമിഴ് നാട് തീരുമാനമെടുക്കുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ്.

