തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രനിര്‍ദ്ദേശം പുറത്തുവന്നതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ വ്യക്തത വരുത്തി മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കുന്നത്. ഗ്രീന്‍ സോണുകള്‍ കേന്ദ്രീകരിച്ച് ഇളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം.
ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശനനിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര് നിലപാട്. മദ്യശാലകള്‍, മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കില്ല.
സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമേ ഉണ്ടാകാവു എന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. ഗ്രീന്‍ സോണിലുള്ള സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ പ്രവര്‍ത്തിക്കു. അതും അമ്പത് ശതമാനം ആളുകള്‍ മാത്രമേ ജോലിക്കെത്താവു എന്നാണ് നിബന്ധന.
പ്രവാസികളുടെ തിരിച്ചു വരവിലും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടില്‍ പോകാം
വീട്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധം. രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ താമസിക്കാം. അവിടെയും ക്വാറന്റീന്‍ നിര്‍ബന്ധം. വിദേശത്തുനിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ.

