കൊച്ചി : സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ജിങ്കാനുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. പരസ്പര ധാരണ പ്രകാരമാണ് വേര്‍പിരിയലെന്ന് ബ്ലാസ്റ്റേഴ്സ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
സന്ദേശ് ഞങ്ങളുടെ കുടുംബം വിടുന്നു, പുതിയ വെല്ലുവിളികള്‍ തേടി. കഴിഞ്ഞ ആറുവര്‍ഷവും ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്.ഇക്കാലത്തിനിടെ ജിങ്കാന്‍ രാജ്യത്തിലെ തന്നെ മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായി. അതില്‍ ക്ലബ്ബിന് അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ യാത്രയില്‍ കൂടെചേരാനും പിന്തുണക്കാനും കഴിഞ്ഞതിലും ക്ലബ്ബിന് അഭിമാനമുണ്ട്. ഒരിക്കല്‍ ബ്ലാസ്റ്റര്‍ ആയാല്‍ എല്ലാക്കാലത്തും ബ്ലാസ്റ്റര്‍ ആയിരിക്കും ക്ലബ്ബ് വ്യക്തമാക്കി.
ജിങ്കാന്റെ ജേഴ്സി നമ്പറായ 21 അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇനി മറ്റൊരു താരത്തിനും നല്‍കില്ലെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി. പുതിയ ക്ലബ്ബിലേക്ക് പോകുന്ന ജിങ്കാന് ബ്ലാസ്റ്റേഴ്സ് എഫ് സി ഉടമ നിഖില്‍ ഭരദ്വാജ് ആശംസകൾ നേർന്നു.ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ജിങ്കാന്‍ ടീമിന്റ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ടീം വിട്ടതെന്നാണ് സൂചന. കഴിഞ്ഞ രണ്ട് സീസണുകളിൽ തീർത്തും നിരാശാജനകമായ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സിനെ ആരാധകരും കൈവിട്ടിരുന്നു. മഞ്ഞപ്പട എന്ന പേരിൽ അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടത്തെ ലോകത്തിലെ മുൻനിര പ്രഫഷണൽ ഫുട്ബോൾ ക്ലബുകൾ പോലും ശ്രദ്ധിച്ചിരുന്നു. പ്രതിസന്ധിയിൽ ഉഴലുന്ന ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ കനത്ത പ്രഹരമാണ് സന്ദേശ് ജിങ്കാൻ ക്ലബ് വിട്ടതോടെ ഉണ്ടായിരിക്കുന്നത്.

