ദില്ലി : ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമർശമുണ്ടായ മുൻ റിപ്പോർട്ടിൽ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന.നേരത്തെ ഐസിഎംആർ രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകിയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. രണ്ടാം ഘട്ട റാൻഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയത്. എന്നാൽ ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്.ഇന്ത്യയിൽ കേസുകൾ വർധിച്ചപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാരും ആവർത്തിച്ചിരുന്നു.
കൊവിഡ് നിയന്ത്രണവിധേയമാക്കാൻ മൂന്നാഴ്ച വേണ്ടിവരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകുകയാണ് ഇതിലൂടെ കേന്ദ്രം. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 199 പേരാണ് മരിച്ചിരിക്കുന്നത്. 6412 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 30 പേരാണ്. 547 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

