ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനും ബുദ്ധിശാലിയും ദേശഭക്തനുമായ രാഷ്ട്രീയ നേതാവായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ
അറുപത്തിയേഴാം ചരമദിനമാണിന്ന്.
33-ാം വയസ്സില്‍ കല്‍ക്കത്ത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവിയിലെത്തിയ മുഖര്‍ജി, ബംഗാള്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ മത്സരിച്ചതോടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്.

അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് നെഹ്റു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി നിയോഗിക്കപ്പെട്ടു. ജമ്മു-കാശ്മീര്‍ വിഷയത്തില്‍ പ്രധാനന്ത്രിയുടെ കള്ളക്കളിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് പുറത്തിറങ്ങി. തുടര്‍ന്നാണ് 1951 ഒക്ടോബര്‍ 21ന് ഭാരതീയ ജനസംഘത്തിന് രൂപം നല്‍കിയത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന് ഒരു വയസ്സു പോലും തികയും മുമ്പ് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് പകരം പ്രധാനമന്ത്രി പ്രത്യേക പതാക, പ്രത്യക ഭരണഘടന. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് 1953 ജൂണ്‍ 11 നാണ് തുടക്കം കുറിച്ചത്.

പാസില്ലാതെ സമരം നയിച്ച് മുന്നേറിയ മുഖര്‍ജിയേയും രണ്ട് സഹപ്രവര്‍ത്തകരേയും ഷെയ്ക്ക് അബ്ദുള്ളയുടെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ആദ്യം ശ്രീനഗറിലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് അവരെ നഗരത്തിന് പുറത്തുള്ള ഒരു കളപ്പുരയിലേയ്ക്കു മാറ്റി. ജെയിലില്‍വച്ച് ജൂണ്‍ 22-ന്, അദ്ദേഹത്തിന് ഹൃദയവേദന അനുഭവപ്പെട്ടു, പിന്നീട് ഒരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ഹൃദയാഘാതം കണ്ടെത്തി. പിറ്റേന്ന് മരണമടഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ കസ്റ്റഡിയിലെ ആദ്യ ബലിദാനിയായി ഡോ. മുഖര്‍ജി മാറുകയായിരുന്നു.

മുഖര്‍ജിയുടെ മരണം ഇപ്പോഴം സംശയമുയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ജമ്മു കാശ്മീരില്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തത് നെഹ്‌റു ഉള്‍പ്പെട്ട ഒരു ഗൂഢാലോചനയായിരുന്നുവെന്ന് 2004 ല്‍ അടല്‍ ബിഹാരി വാജ്‌പേയി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 നെ ദേശീയ ഐക്യത്തിന് ഒരു ഭീഷണിയായി കണക്കാക്കിയ ശ്യാമ പ്രസാദ് മുഖര്‍ജി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ത്തിരുന്നു.

നരേന്ദ്രമോദി നയിക്കുന്ന രണ്ടാം സര്‍ക്കാര്‍ നല്ല ഭൂരിപക്ഷത്തോടെ അധികാരമേറ്റ് മൂന്ന് മാസം തികയും മുമ്പ് തന്നെ മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തിന് അര്‍ത്ഥമുണ്ടാകുംവിധം 370-ാം വകുപ്പ് റദ്ദാക്കി കാശ്മീര്‍ പുനഃസംഘടനാ ബില്‍ പാര്‍ലമെന്റ് പാസ്സാക്കി.