Sunday, September 20, 2026

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ വയനാട് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും സര്‍ക്കാരിനുണ്ടായ കോടികളുടെ നഷ്ടത്തിന് ഉത്തരവാദി അന്നത്തെ കളക്ടര്‍ കൂടിയാണെന്നുമാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യുവിന്‍റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥൻ വി.വി ബെന്നിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും കത്ത് നൽകിയിട്ടുണ്ട്.

തുടർ നടപടികൾ ചർച്ച ചെയ്യാൻ ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ സംശയം ഉന്നയിച്ചതോടെ നടപടികൾ അവതാളത്തിലായ മട്ടാണ്.കടുത്ത അതൃപ്തിയിലായ അന്വേഷണ സംഘം തുടര്‍ നടപടികളിൽ തിരക്കിട്ട ആലോചനയിലാണ്. അന്വേഷണ സംഘവും പബ്ലിക് പ്രോസിക്യൂട്ടറും രണ്ടു തട്ടിലായതോടെ കേസിലെ വിചാരണ അനിശ്ചിതത്വത്തിലായി.

നേരത്തെ മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുള്‍പ്പെടെ എട്ടു പേർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്. കുററപത്രം വായിച്ചു കേള്‍പ്പിക്കാൻ രണ്ട് തവണ കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചുവെങ്കിലും അവധി അപേക്ഷ നൽകി. കേസ് വിചാരണ നടപടികളിലേക്ക് കടക്കുമ്പോഴാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ കുറ്റപത്രത്തിനെതിരെ രംഗത്തുവന്നത്.

Related Articles

Latest Articles