Friday, May 17, 2024
spot_img

അഭിനയ ‘സൗന്ദര്യം’ഓർമ്മയായിട്ട് 16 വർഷങ്ങൾ

പ്രേക്ഷകര്‍ക്ക് സൗന്ദര്യ എന്നും ഇഷ്ട നടിയാണ്. പക്ഷേ കാലം ആ കലാകാരിക്ക് അധികം ആയുസ്സ് കൊടുത്തില്ല. ഒരുപാട് ചിത്രത്തിൽ അഭിനയിച്ചില്ലെങ്കിലും ചെയ്‍ത കുറച്ചു കഥാപാത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയനായികയായിരുന്നു സൗന്ദര്യ. 16 വര്‍ഷമായിരിക്കുന്നു സൗന്ദര്യ വിടപറഞ്ഞിട്ട്.

കന്നഡക്കാരിയായി 1972ല്‍ ജനിച്ച സൗന്ദര്യ അതേ ഭാഷയിലാണ് വെള്ളിത്തിരയിലേക്ക് ആദ്യം എത്തിയതും. 1992ല്‍ ഗാന്ധര്‍വ എന്ന ചിത്രത്തിലൂടെ. അതേവര്‍ഷം തന്നെ ഇതിഹാസ നടന്‍ കൃഷ്‍ണയുടെ നായികയായി റൈതു ഭരതം എന്ന ചിത്രത്തിലും അഭിനയിച്ചു.

കന്നഡയില്‍ തുടങ്ങി പെട്ടെന്നുതന്നെ തെലുങ്കിലെ മുന്‍നിര നായികയായി മാറുകയായിരുന്നു സൗന്ദര്യ. കൃഷ്‍ണ റെഡ്ഡി സംവിധാനം ചെയ്‍ത രാജേന്ദ്രുഡു ഗജേന്ദ്രുഡു എന്ന ചിത്രമായിരുന്നു. തുടര്‍ന്നങ്ങോട്ട് തെലുങ്കിലെ മുന്‍നിര നായകന്‍മാരുടെയൊക്കെ നായികയായി മിന്നിത്തിളങ്ങി സൗന്ദര്യ. തമിഴില്‍ ശിവകുമാര്‍ നായകനായ പൊന്നുമണി എന്ന ചിത്രത്തിലാണ് സൗന്ദര്യ നിരൂപകരുടെയും കാഴ്‍ചയില്‍ തിളങ്ങുന്നത്. ബുദ്ധിമാന്ദ്യമുള്ള ഒരു കഥാപാത്രമായി ആയിരുന്നു സൗന്ദര്യ ചിത്രത്തില്‍ അഭിനയിച്ചത്.

തെലുങ്കിലും തമിഴിലും മാറിമാറി അഭിനയിച്ച സൗന്ദര്യ വിജയചിത്രങ്ങളുടെ ഭാഗമായി. അധികവും തെലുങ്ക് ചിത്രങ്ങളായിരുന്നു. നായികയായും ക്യാരക്ടര്‍ റോളുകളിലും സൗന്ദര്യ ഒരുപോലെ തിളങ്ങി. പ്രേക്ഷകര്‍ക്കും വിമര്‍ശകര്‍ക്കും സൗന്ദര്യയെ ഒരുപോലെ ഇഷ്‍ടപ്പെടാന്‍ കാരണവും അതുതന്നെ. സൗന്ദര്യയുടെ മരണം കഴിഞ്ഞ് കാലം കുറെയായിട്ടും പ്രേക്ഷകര്‍ ഇഷ്‍ടത്തോടെ ആ ചിത്രങ്ങള്‍ കാണുന്നു.

കന്നഡയിലെ ദ്വീപ എന്ന ചിത്രത്തിന് അക്കൊല്ലം ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. വെറും 12 വര്‍ഷങ്ങളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ച സൗന്ദര്യക്ക് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണ്ണാടകയില്‍ രണ്ട് തവണ മികച്ച നടിയായി.

ബിജെപി പ്രവർത്തകയായിരുന്ന സൗന്ദര്യ 2004ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററിൽ സഹോദരൻ അമർനാഥിനൊപ്പം സഞ്ചരിക്കവേ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടാണ് മരണപ്പെടുന്നത്.

Related Articles

Latest Articles