Friday, December 19, 2025

അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കല്‍: മോഹന്‍ലാല്‍ എത്തിയ ശേഷം ചര്‍ച്ചയെന്ന് അമ്മ നേതൃത്വം

കൊച്ചി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് താരങ്ങള്‍ പ്രതിഫലം വെട്ടിച്ചുരുക്കണമെന്ന നിര്‍ദേശം ചര്‍ച്ചചെയ്യുന്നത് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷമെന്ന് അമ്മ നേതൃത്വം വ്യക്തമാക്കി.

പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ അമ്മ നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കൂവെന്നും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനി ടോം അറിയിച്ചു. നിലവില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാവരും ഒരുമിച്ചു പോകണമെന്നാണ് ആഗ്രഹമെന്നും ടിനി ടോം പറഞ്ഞു.

അതേസമയം പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ മലയാള സിനിമാ നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള ചര്‍ച്ച തുടങ്ങി . കൊച്ചിയില്‍ ആണ് യോഗം ചേരുന്നത്. പ്രതിഫല വിഷയത്തിലെ തുടര്‍ നടപടികള്‍ തീരുമാനിക്കാനാണ് യോഗം.

അമ്മ,ഫെഫ്ക സംഘടനകളുമായി ചര്‍ച്ച നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. അതെ സമയം പ്രതിഫല വിഷയത്തില്‍ താരസംഘടനയുടെ തീരുമാനം വൈകുന്നതില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Related Articles

Latest Articles