Saturday, April 27, 2024
spot_img

ആലുവയിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവം;കേസ് മനുഷ്യാവകാശ കമ്മീഷൻഅന്വേഷിക്കും;തങ്ങളുടെ ഭാഗത്ത് പിഴവില്ലെന്ന് ആവർത്തിച്ച് ആശുപത്രി അധികൃതർ

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് അന്വേഷിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിച്ച്‌ മൂന്നാഴ്ചയ്ക്കള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

അതേസമയം, കുട്ടിയുടെ എക്‌സറേ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദൃശ്യങ്ങളില്‍ നാണയം ആമാശയത്തില്‍ തന്നെയാണുള്ളതെന്നും ആമാശയത്തിലേക്ക് നാണയമെത്തിയതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയ ശേഷമാണ് തിരിച്ചയച്ചതെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് തന്നെയാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്നത്. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ സാധ്യമല്ലായിരുന്നുവെന്നുമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതർ നല്‍കുന്ന വിശദീകരണം.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകനായ പൃഥ്വിരാജ് ആണ് മരിച്ചത്. മൂന്ന് വയസുകാരനായ കുട്ടി ഇന്നലെയാണ് നാണയം വിഴുങ്ങിയത്. കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്ന് വരുന്നതിനാല്‍ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ നിഷേധിക്കുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

Related Articles

Latest Articles