Sunday, May 19, 2024
spot_img

ഇടതു സർക്കാർ എല്ലാ രംഗത്തും പരാജയം;രമേശ് ചെന്നിത്തല

തിരുവനന്തപുരം: നാല് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയവും ധൂര്‍ത്തും അഴിമതിയും കോവിഡിന്റെ മറവില്‍ മൂടിവച്ച് രക്ഷപെടാനുള്ള ശ്രമമാണ് ഇന്ന് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

കോവിഡിനെതിരായ ചെറുത്ത് നില്‍പ് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലത്തെ ഭരണനേട്ടമായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ നേട്ടത്തിന് ഉത്തരവാദികളായ ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരെയും പഞ്ചായത്തിലേയും റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരെയും ജനങ്ങളേയും അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു –  പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 2017-18-ല്‍ 1.72% ആയിരുന്ന കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2018-19-ല്‍ -0.2 ആയി ഇടിഞ്ഞതായി ധനമന്ത്രി നിയമസഭയില്‍ വച്ച സാമ്പത്തിക അവലേകനത്തില്‍ പറയുന്നു. വ്യവാസമേഖല ലാഭത്തിലായി എന്നതാണ് മറ്റൊരു കള്ളം. 2017-18 സമയത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെറിയ തോതിലുള്ള ലാഭം ഉണ്ടായിരുന്നു. എന്നാല്‍ 2019-20 എത്തിയതോടെ ഇതും നഷ്ടത്തിലായെന്ന് സാമ്പത്തിക സര്‍വേകള്‍ വ്യക്തമാക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു. 

നവകേരളത്തിന് വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കാം എന്നാണ് നാലു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. രണ്ട് വര്‍ഷമായി ഇതു തന്നെയാണ് പറയുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ ഇനി ഒരു വര്‍ഷമാണ് ബാക്കിയുള്ളത്. അത് തീരും വരെ ഇത്തരത്തില്‍ പ്രതിജ്ഞ പുതുക്കല്‍ മാത്രമേ സംഭവിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി   

Related Articles

Latest Articles