ഹൈദരാബാദ്: തെലങ്കാനയില് ഒമ്പത് അന്തര്സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള് കിണറ്റില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കൂട്ടക്കൊലയുടെ മുഖ്യപ്രതിഅറസ്റ്റിലായി. ബിഹാര് സ്വദേശി സജ്ഞയ് കുമാറാണ് അറസ്റ്റിലായത്. ശീതള പാനീയത്തില് വിഷം കലക്കി കൊടുക്കുകയായിരുന്നു. പിന്നീട് മൃതദേഹങ്ങള് കിണറ്റില് തള്ളിയതായും പൊലീസ് പറയുന്നു
കൊല്ലപ്പെട്ട മക്സൂദ് ആലമിന്റെ മകളുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നതായും ബന്ധം പിരിഞ്ഞതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മരിച്ചവരില് ആറുപേര് ഒരു കുടുംബത്തില് നിന്നുള്ളവരാണ്. മറ്റു മൂന്ന് പേര് ഇവര്ക്ക് സമീപം താമസിക്കുന്നവരുമാണ്.
വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായാണ് മൃതദേഹങ്ങള് കണ്ടെടുത്തത്. പരിക്കുകളൊന്നും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് പറഞ്ഞു.
മക്സൂദ് ആലം, ഭാര്യ നിഷ, അവരുടെ മൂന്ന് മക്കള്, മൂന്ന് വയസ്സുള്ള പേരമകന്, തൃപുരയില് നിന്നുള്ള ഷക്കീല് അഹമ്മദ്, ബീഹാറില് നിന്നുള്ള ശ്രീറാം, ശ്യം എന്നിവരുടെ മൃതദേഹമാണ് ഇവര് താമസിച്ചിരുന്നതിന് സമീപത്തെ കിണറ്റില് നിന്ന് ലഭിച്ചത്.
പശ്ചിമ ബംഗാളില് നിന്ന് 20 വര്ഷം മുമ്പ് ജോലി തേടി തെലങ്കാനയില് എത്തിയതാണ് മക്സൂദ് ആലമും കുടുംബവും. ജൂട്ട് ബാഗുകള് തുന്നുന്ന തൊഴിലാണ് ഇവര് ചെയ്തിരുന്നത്.
വാടക വീട്ടില് താമസിച്ചിരുന്ന മക്സൂദ് ആലമും കുടുംബവും ലോക്ഡൗണ് തുടങ്ങിയ ശേഷം ജൂട്ട് മില്ലിലേക്ക് താമസം മാറിയിരുന്നു. മില്ലിലെ ഗോഡൗണിലാണ് കുടുംബം താമസിച്ചിരുന്നത്. മില്ലിന്റെ ഒന്നാം നിലയില് താമസിച്ചിരുന്നവരാണ് മരിച്ച മറ്റുള്ളവര്.
അടച്ചിട്ടിരുന്ന മില് തുറക്കുന്നതിന്റെ ഭാഗമായി ഉടമ ഭാസ്കര് വ്യാഴാഴ്ച എത്തിയേപ്പാള് ആരെയും കണ്ടില്ലെന്ന് പറയുന്നു. ശേഷം ഇദ്ദേഹം പൊലിസില് പരാതി നല്കുകയും ചെയ്തു. പിന്നീട് നടത്തിയ തിരിച്ചിലിലാണ് സമീപത്തെ കിണറ്റില് നിന്ന് മൃതദേഹങ്ങള് ലഭിച്ചത്.
മരിച്ച ഷക്കീല് മില്ലിലെ ഡ്രൈവറും മറ്റുള്ളവര് മില്ലിലെ തൊഴിലാളികളുമാണ്. അടച്ചിട്ടിരുന്ന മില്ലില് താമസിച്ചിരുന്നവര്ക്ക് ആവശ്യമായ റേഷന് സാധനങ്ങള് അവിടെ ഉണ്ടായിരുന്നെന്ന് മില്ലുടമ പറയുന്നു. ഇവര് താമസിച്ചിരുന്ന മുറിയില് കഴിച്ച് പാതിയായ ഭക്ഷണം ഉണ്ടായിരുന്നു.

