Thursday, January 8, 2026

ഇടവം,രേവതി ചേരും… നടനവിസ്മയത്തിന് ഇന്ന് ഷഷ്ഠ്യബ്ദപൂർത്തി

തിരുവനന്തപുരം: മലയാളികളെ അഭിനയംകൊണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടന്‍ മോഹന്‍ലാലിന് ഇന്ന് ഷഷ്ഠ്യബ്ദപൂര്‍ത്തി

60 വര്‍ഷം മുമ്പ് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിലായിരുന്നു താരത്തിന്റെ പിറവി. ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും ലാലിന്റെ വക മൂന്നിനം പായസം ഉള്‍പ്പെടെയുള്ള പിറന്നാള്‍ സദ്യ ഇന്ന് വീടുകളിലെത്തും.

ഇംഗ്‌ളീഷ് കലണ്ടര്‍ പ്രകാരം ജന്മദിനം മേയ് 21നാണെങ്കിലും ജന്മനക്ഷത്രത്തിലാണ് അമ്മ ശാന്തകുമാരി മകന്റെ പിറന്നാള്‍ ആഘോഷിക്കാറുള്ളത്. മോഹന്‍ലാലിനും അതാണ് ഇഷ്ടം.

അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു. അവരുടെ സ്വപ്‌നമായിരുന്നു തിരുവനന്തപുരത്ത് കൂറ്റന്‍ പന്തലിട്ട് താരത്തിനൊപ്പമുള്ള സദ്യ. അതിനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാം വേണ്ടെന്നു വച്ചു.

എന്നാല്‍ പിന്‍മാറാന്‍ തയ്യാറല്ലാത്ത ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും അത് ആഘോഷമാക്കുകയാണ്. സിനിമാരംഗത്ത് ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും വീടുകളില്‍ സദ്യ എത്തിക്കും.

ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍. ഭാര്യ സുചിത്ര ഒരുക്കുന്ന പിറന്നാള്‍ സദ്യ കഴിക്കാന്‍ മകന്‍ പ്രണവ് കൂടെയുണ്ട്. മകള്‍ വിസ്മയ ആസ്‌ട്രേലിയയിലാണ്. കൊച്ചിയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരി. ദര്‍ശനത്തിന് പോകാനാകില്ലെങ്കിലും ക്ഷേത്രങ്ങളില്‍ മകനുവേണ്ടി അമ്മയുടെ വഴിപാട് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

അറുപതിന്റെ ഓര്‍മ്മയില്‍ മോഹന്‍ലാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയിലെ തലമുതിര്‍ന്നവരെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ലോക്ക്ഡൗണ്‍ ദുരിതത്തിലായവരുടെ ക്ഷേമാന്വേഷണം നടത്തി. ചിലര്‍ക്ക് സഹായം എത്തിച്ചു.

Related Articles

Latest Articles