Sunday, June 2, 2024
spot_img

ഉന്നതര്‍ക്ക് പങ്കുളളതിനാല്‍ കേരളപോലീസ് മൗനം പാലിക്കുന്നു; ബെംഗളൂരു മയക്കുമരുന്ന് കേസ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പോലീസ് മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ബിനീഷ് കോടിയേരിക്കെതിരേ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ആരോപണമാണിപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുന്നത്. പി.കെ ഫിറോസിന്റെ ആരോപണം ഗൗരവതരമാണെന്നും കേരളം മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും ഭരണത്തിന്റെ തണലില്‍ മയക്കുമരുന്ന് മാഫിയ അരങ്ങുതകര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനമെന്നും ചെന്നിത്തല ആരോപിച്ചു.

കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയും ഭര്‍ത്താവും ഇന്ന് ചോദ്യം ചെയ്യലിനായി കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുന്‍പാകെ ഹാജരാകും. ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേര്‍ അനൂബ് മുഹമ്മദിന് സഹായം നല്‍കിയിരുന്നതായുള്ള മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം നടന്നു വരികയാണ്.

Related Articles

Latest Articles