Sunday, May 19, 2024
spot_img

എനിക്ക് ശ്വാസം മുട്ടുന്നു..അമേരിക്ക കത്തുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നു. സംഭവം നടന്ന മിനപോളിസില്‍ നിന്നും അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ്സിലെ പ്രധാനനഗരങ്ങളിലെല്ലാം കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 

‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ഫ്‌ളോയ്ഡിന്റെ അവസാനനിലവിളി മുദ്രാവാക്യമാക്കിയാണ് പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങിയത്. തുടര്‍ച്ചയായ അഞ്ചാംദിവസവും മിനിയാപോളിസിലും ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമടക്കം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുലംഘിച്ച് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. വാഷിങ്ടണില്‍ വൈറ്റ്ഹൗസിനുസമീപത്തും ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.

24 ഓളം നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിയറ്റില്‍ മുതല്‍ ന്യൂയോര്‍ക്കില്‍ വരെ പ്രതിഷേധക്കാര്‍ അണിനിരന്നിരിക്കുകയാണ്. കൊലപാതകിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ ആവശ്യം. 

അതേസമയം ഫ്‌ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന മിനസോട്ട പോലീസുദ്യോഗസ്ഥന്‍ ഡെറിക് ചൗവിനെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തെത്തുടര്‍ന്ന് ചൗവിനെയും മറ്റു മൂന്ന് പോലീസുകാരെയും പുറത്താക്കിയിരുന്നു.

Related Articles

Latest Articles