Thursday, May 2, 2024
spot_img

മദ്യമെത്തിയതോടെ, കൊലപാതകഗ്രാഫും സംഘർഷവും കൂടെയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 48 മണിക്കൂറിനിടെ നാലുകൊലപാതകങ്ങള്‍. മദ്യലഹരിയിലാണ് കൊലപാതകങ്ങളെല്ലാം. മദ്യലഹരിയില്‍ മാതാവിനെയും പിതാവിനെയും സുഹൃത്തുക്കളെയുമാണ് കൊലപ്പെടുത്തിയത്. നിരവധി സംഘര്‍ഷങ്ങളും സംസ്ഥാനത്ത് അരങ്ങേറി.

തിരുവനന്തപുരത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ തലക്ക് അടിച്ചുകൊന്നു. ബാലരാമപുരം കട്ടച്ചിക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് വിവരം. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മലപ്പുറം തിരൂരില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. തിരൂര്‍ മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജിയാണ് കൊല്ലപ്പെട്ടത്. എഴുപതുകാരനായ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ മകനെ മുഹമ്മദ് ഹാജി ശകാരിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും മുഹമ്മദ് ഹാജിയെ അബൂബക്കര്‍ തള്ളിവീഴ്ത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഹാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ചങ്ങനാശേരി തൃക്കൊടിത്താനത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തൃക്കൊടിത്താനം അമര കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട 27 കാരനായ മകന്‍ നിതിന്‍ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ നിതിനെ വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കറികത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക വിവരം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നു. കൊല നടത്തിയ ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണ്‍ വിളിച്ചു അറിയിക്കുകയായിരുന്നു.

മലപ്പുറം താനൂരില്‍ ശനിയാഴ്ച മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുല്ലൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലക്കടത്തൂര്‍ അരീക്കാട് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. താനൂര്‍ സ്വദേശി സൂഫിയാന്‍, തയ്യാല സ്വദേശി കെ. രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ശിഹാബുദ്ദീനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം.

Related Articles

Latest Articles