ഒരു കൊറോണക്കാലം;ലോക്ക്ഡൗൺ ജീവിതത്തിന്റെ നേർചിത്രം
രണ്ടുമാസത്തോളം നീണ്ട ലോക്ഡൗൺ ദിനങ്ങളിലെ സാധാരണക്കാരുടെ പട്ടിണിമാറ്റാനിറങ്ങിയ സന്നദ്ധ പ്രവർത്തകരുടെ ജീവിതത്തിന്‍റെ നേര്‍ചിത്രവുമായി ഒരു ടെലിഫിലിം, ഒരു കൊറോണ കാലം.
കോവിഡ് 19ന്‍റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ദിനങ്ങളിൽ ജോലിയും വരുമാനവും നിലച്ച വീടുകളിലേക്ക് ഭക്ഷ്യ കിറ്റുകളുമായി കയറി ചെല്ലുന്ന സന്നദ്ധ പ്രവർത്തകർ പല മേഖലകളിലും സ്ഥിരം കാഴ്ചയാണ്. അത്തരമൊരു സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
മറ്റുള്ളവരെ സഹായിക്കാൻ സുമനസ്സുകളിൽ നിന്നും പണം ശേഖരിച്ച് അർഹരായ വീടുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചിരുന്ന ഈ സന്നദ്ധ പ്രവർത്തകരുടെ വീട്ടിലെ അവസ്ഥ ആരും ശ്രദ്ധിക്കുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല എന്നത് വസ്തുതയാണ്.
അർഹതപ്പെട്ട ഒരു വീട് പോലും മറക്കാതെ, വീടിന്‍റെ വലിപ്പം നോക്കാതെ എല്ലാ വീടുകളിലും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്ന തിരക്കിൽ പല സന്നദ്ധ പ്രവർത്തകരും സ്വന്തം വീട്ടിലെ അവസ്ഥയുടെ കാര്യത്തിൽ നിസ്സഹായരായിരുന്നു എന്നതും,
ആ നിസ്സഹായാവസ്ഥ കൂടെ നടക്കുന്ന സുഹൃത്ത് സ്വന്തം പരിമിതികൾക്കുള്ളിൽ നിന്ന് മനസിലാക്കുന്നതുമാണ് ഈ ഷോർട്ട് ഫിലിമിന്‍റെ പ്രമേയം.
ഒപ്പം ദാരിദ്ര രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡിന് അർഹതയുണ്ടായിട്ടും ദാരിദ്ര രേഖയ്ക്ക് മുകളിലായ കുടുംബങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെ കുറിച്ചും
കോറോണ കാലത്ത് സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങളെക്കുറിച്ചും ചിത്രം പ്രതിപാദിക്കുന്നു.

