തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന പ്രചാരണങ്ങള്‍ തികച്ചും വ്യാജമാണെന്നും ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി തുടരുമെന്നും അവര്‍ വ്യക്തമാക്കി. ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്നതിനാലാണ് മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ വൈകിയതെന്നും, തിങ്കളാഴ്ച മുതല്‍ വീണ്ടും പൊതുസേവനത്തിലേക്ക് സജീവമായി തിരിച്ചെത്തുമെന്നും ശ്രീലേഖ സമൂഹമാധ്യമത്തിലൂടെയും യൂട്യൂബ് വീഡിയോയിലൂടെയും അറിയിച്ചു.
താന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന പ്രചാരണം അസംബന്ധമാണ്. നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയായ താന്‍ ബിജെപി വിട്ട് മറ്റൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കില്ല. പാര്‍ട്ടി അധികാരത്തിലെത്തി ഒമ്പതു മാസം കഴിഞ്ഞിട്ടും തന്നെ മേയര്‍ ആക്കാത്തതില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്ത സമിതിയില്‍ താനുമുണ്ടായിരുന്നു. വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 30-ന് മേയര്‍ക്ക് കത്തുനല്‍കിയിരുന്നു. നടപടികള്‍ വൈകിയാല്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാണെന്നും, ആവശ്യമെങ്കില്‍ രാജിക്ക് തയ്യാറാണെന്നും മേയറെയും കളക്ടറെയും കത്തിലൂടെ അറിയിച്ചിരുന്നു.
കടുത്ത ജോലി സമ്മര്‍ദ്ദവും ശാരീരിക അസ്വാസ്ഥ്യങ്ങളും കാരണം രണ്ടുമാസം അവശ്യപ്പെടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്നും പാര്‍ട്ടി ഉന്നത നേതാക്കള്‍ തന്നെ പിന്തിരിപ്പിക്കുകയായിരുന്നു എന്ന് അവര്‍ വ്യക്തമാക്കി. രാഷ്ട്രസേവനത്തിന് ഏറ്റവും അനുയോജ്യമായ വലിയ പാര്‍ട്ടിയാണ് ബിജെപിയെന്നും, പാര്‍ട്ടി അംഗമായിരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ആര്‍. ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

